തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. പൂരം പ്രദർശനത്തിന്റെ തറവാടക വിഷയത്തിൽ വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച നടക്കുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും കൊച്ചിൻ ദേവസ്വം ബോർഡുമായാണ് ചർച്ച.
പൂരം പ്രദർശനത്തിന്റെ തറവാടക കൂട്ടിയതിൽ ഹൈന്ദവ സംഘടനകളുടെയടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ചർച്ചയ്‌ക്ക് തയ്യാറായത്. നവകേരള സദസ്സിന് തൊട്ടുപിന്നാലെ ജില്ലയിലെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മന്ത്രി കെ. രാജനും വിഷയത്തിൽ ദേവസങ്ങളും ദേവസ്വം ബോർഡ് ഭാരവാഹികളുമായി ചർച്ച നടത്തും. രണ്ടു കോടിയിലധികം രൂപ തറവാടക നൽകണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ഇത് തൃശൂർ പൂരത്തെ തകർക്കാനുള്ള ശ്രമം ആണെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കിയിരുന്നു. പിന്നാലെ സംയുക്ത യോഗം ചേർന്ന് പ്രമേയവും പാസാക്കി.
എന്നാൽ ഇരു ദേവസ്വങ്ങൾക്കുമെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് ആരോപണവുമായി മുന്നോട്ട് വന്നു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വരവ് ചിലവ് കണക്കുകൾ പുറത്തു വിടണമെന്ന് ആവശ്യം ഉന്നയിച്ചു. സ്വതന്ത്ര ദേവസ്വങ്ങളെ തങ്ങളുടെ പരിധിയിലാക്കാനുള്ള ശ്രമമാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെതെന്നാണ് ആക്ഷേപം. ആവശ്യപ്പെട്ട തറവാടക ഒരു കോടിയിലേക്ക് നിജപ്പെടുത്തി സമവായം കണ്ടെത്താനാണ് സർക്കാർ ശ്രമം. പിന്നീടുള്ള എല്ലാവർഷവും 10 ശതമാനം വാടക തുക വർദ്ധിപ്പിക്കാം എന്നതുമാണ് മുന്നോട്ടുവെക്കുന്ന നിർദ്ദേശം. ഹൈക്കോടതി ഇതു സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരം കാണാമെന്ന നിലപാടായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്. വിഷയത്തിൽ പരിഹാരം കണ്ടെത്തി നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാനാണ് സർക്കാർ നീക്കം.