പട്‌ന: സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത കാഴ്ചയാണ് ഇപ്പോൾ ബിഹാറിൽ നിന്നും പുറത്തുവരുന്നത്. റെയിൽവേ ട്രാക്കിലേക്ക് വീണ അമ്മയും മക്കളും വളരെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബിഹാറിലെ ബാഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ബെഗുസാരയിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തിയതായിരുന്നു കുടുംബം. ഭഗൽപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വിക്രംശില എക്‌സ്പ്രസിൽ പോകാനായിരുന്നു ഇവർ എത്തിയത്. ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് രൂക്ഷമാവുകയും തിരക്കിനിടയിൽപ്പെട്ട അമ്മയും മക്കളും പ്ലാറ്റ്‌ഫോമിൽ നിന്ന് പാളത്തിലേക്ക് വീഴുകയുമായിരുന്നു. ട്രെയിനിനും പാളത്തിനുമിടയിലുള്ള വിടവിലൂടെയാണ് ഇവർ ട്രാക്കിലേക്ക് വീണത്.
Video: Train Passes Over Woman, Her 2 Children In Bihar. They Survive https://t.co/7u7prDle7R pic.twitter.com/Lg8wAPFb1e
— NDTV (@ndtv) December 23, 2023
ചുറ്റും കൂടി നിന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ട്രെയിൻ നീങ്ങുകയായിരുന്നു. അമ്മയെയും കുഞ്ഞുങ്ങളെയും വലിച്ചുകയറ്റാനുള്ള ശ്രമം ഇതോടെ നിർത്തേണ്ടി വന്നു. പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ സാധിക്കില്ലെന്ന് മനസിലാക്കിയ സ്ത്രീ, അവരുടെ കുഞ്ഞുങ്ങളെ മാറോടണച്ച് പാളത്തിന് സമീപം കിടക്കുകയായിരുന്നു. ട്രെയിൻ കടന്നുപോവുകയും ചെയ്തു. ട്രാക്കിന് അടുത്ത് പതിഞ്ഞുകിടന്ന അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിൻ കടന്നുപോയതിന് ശേഷം ആളുകൾ ചേർന്ന് അമ്മയേയും മക്കളെയും എഴുന്നേൽപ്പിക്കുകയായിരുന്നു.