കൊൽക്കൊത്ത: കവീന്ദ്ര രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഒരു കൂട്ടം ഗവേഷകർ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തി. ഈ പുതിയ സൂക്ഷ്മ ജീവിക്ക് നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ പേരിനെ ഓർമിപ്പിക്കുന്ന ‘പാന്തോയ ടാഗോറി’ എന്ന് നാമകരണം ചെയ്തു.
കാർഷിക സമ്പ്രദായങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ബാക്ടീരിയയ്‌ക്ക് വളരെയധികം കഴിവുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മൈക്രോബയോളജിസ്റ്റ് ബോംബ ഡാം പറഞ്ഞു.
ഇത് പൊട്ടാസ്യവും ഫോസ്ഫറസുംലയിപ്പിക്കുകയും നൈട്രജൻ സ്ഥിരീകരണം നടത്തുകയും അമോണിയയെ ഉണ്ടാക്കുകയും അതുവഴി സുസ്ഥിര വളർച്ചയ്‌ക്ക് ആവശ്യമായ മൂന്ന് ധാതുക്കളും വേണ്ട രീതിയിൽ നൽകി ചെടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ കണ്ടെത്തൽ അടുത്തിടെ ഇന്ത്യൻ ജേണൽ ഓഫ് മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ചു. രാജു ബിശ്വാസ്, അരിജിത് മിശ്ര, സന്ദീപ് ഘോഷ്, അഭിനബ ചക്രവർത്തി, പൂജ മുഖർജി എന്നിവരാണ് മറ്റു ഗവേഷകർ.
ജാർഖണ്ഡിലെ ഝരിയയിലെ കൽക്കരി ഖനിയിലെ മണ്ണിൽ നിന്നാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്. തന്റെ പിഎച്ച്‌ഡി വിദ്യാർത്ഥികളിൽ ഒരാളായ രാജു ബിശ്വാസിന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ ആരംഭിച്ചതെന്ന് ഡോക്ടർ ഡാം പറഞ്ഞു.
ഒരു ചെടി വളരുന്നതിന്, NPK അല്ലെങ്കിൽ നൈട്രജനും, ഫോസ്ഫറസും, പൊട്ടാസ്യവും, പ്രധാന ആവശ്യകതകളാണ്. മണ്ണിൽ ഈ ധാതുക്കൾ നിറയ്‌ക്കാൻ കഴിയുന്ന ജൈവ അജൈവ വളങ്ങളിലൂടെയാണ് എൻപികെ നിലവിൽ ചെടികൾക്ക് നൽകുന്നത്.അതിന് മൂന്ന് ധാതുക്കളും ഒറ്റയടിക്ക് ഭൂമിയിൽ നിറയ്‌ക്കാൻ കഴിയും എന്നതാണ് പാന്തോയ ടാഗോറിയിൽ കാണപ്പെടുന്ന ഒരു അപൂർവ സവിശേഷത .
വാണിജ്യാടിസ്ഥാനത്തിലുള്ള രാസവളങ്ങളുടെ ഉപയോഗം കുറയ്‌ക്കുകയും അതിലൂടെ കാർഷിക ചെലവ് കുറയ്‌ക്കാനും വിളവ് വർദ്ധിപ്പിക്കാനും ബാക്ടീരിയ സഹായിക്കുമെന്നും, അസോസിയേഷൻ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ (എഎംഐ) ഈ കണ്ടെത്തലിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സസ്യ ശാസത്രത്തിലും കൃഷി വിജ്ഞാനത്തിലും അതീവ താത്പര്യമുണ്ടായിരുന്ന ടാഗോറിന്റെ ദർശനപരമായ കാർഷിക പ്രവർത്തനങ്ങളെ സ്മരിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഈ ബാക്ടീരിയക്ക് നൽകിയതെന്ന് ഡോക്ടർ ഡാം പറഞ്ഞു.
“ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെയും മകൻ രതീന്ദ്രനാഥ ടാഗോറിന്റെയും കാർഷികവൃത്തിയെ ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിത്. ടാഗോർ തന്റെ മകനെ യുഎസിലെ ഇല്ലിനോയിസിൽ കാർഷിക ശാസ്ത്രം പഠിക്കാൻ അയച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.















