നോയിഡ: ഉത്തർപ്രദേശിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പുകഴ്‌ത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. നിക്ഷേപം, ക്രമസമാധാനം എന്നിവയുടെ കാര്യത്തിൽ ഉത്തർപ്രദേശിൽ വലിയ മാറ്റങ്ങളാണ് യോഗി സർക്കാർ കൊണ്ടുവന്നതെന്നും ഉത്തർപ്രദേശ് റോൾ മോഡലുകളുടെ റോൾ മോഡലാണെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
‘യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. കാരണം ക്രമസമാധാനവും വികസനവും സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയാണ്. യോഗിക്ക് മുൻപ് അധികാരത്തിലുണ്ടായിരുന്നവർ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറല്ലായിരുന്നു. അതിനാൽ തന്നെ ജനങ്ങൾ നിരാശരായിരുന്നു. എന്നാൽ ഇപ്പോൾ വലിയൊരു പരിവർത്തനത്തിലൂടെ ഉത്തർപ്രദേശിനെ യോഗി ആദിത്യനാഥ് മാറ്റിയെടുത്തു. യുപി ഇന്ന് റോൾ മോഡലുകളുടെ റോൾ മോഡലാണ്’.
‘നിക്ഷേപം നേടുന്നതിലും ഉത്തർപ്രദേശ് സ്വന്തമായി മുദ്ര പതിപ്പിച്ചു. യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി എന്റെ ഹൃദയം കവർന്നു. വളർച്ച, ആത്മവിശ്വാസം, നാഗരികതയുടെ ധാർമ്മികത തുടങ്ങിയ മാനങ്ങൾ ഉത്തർപ്രദേശിന് അവകാശപ്പെടാം. നമ്മുടെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ ഉത്തർപ്രദേശ് മുന്നിൽ തന്നെയാണ്. വികസനത്തിന്റെ കാര്യത്തിൽ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് പരാമർശിക്കപ്പെടുന്നു’-ജഗ്ദീപ് ധൻഖർ പറഞ്ഞു.















