തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാർ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ഹൈക്കോടതിയിൽ അറിയിക്കുമെന്ന് സർക്കാർ നിലപാടറിയിച്ചു. സൗജന്യമായി ഭൂമി വിട്ട് നൽകണമെന്ന ആവശ്യവുമായാണ് ദേവസ്വങ്ങൾ രംഗത്തെത്തിയത്. ഹൈക്കോടതി കേസ് ജനുവരി നാലിന് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇരുദേവസ്വങ്ങളുടെയും തീരുമാനം.
തൃശൂർ പൂരം പ്രദർശനത്തിന്റെ തറവാടക കൂട്ടിയതിൽ പ്രതിഷേധം ശക്തമായപ്പോഴാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മന്ത്രി കെ. രാജനും യോഗം വിളിച്ചു ചേർത്തത്. എന്നാൽ പ്രതിസന്ധി ചർച്ച ചെയ്യാൻ നടത്തിയ യോഗം അന്തിമ തീരുമാനമെടുക്കാനാകാതെ പിരിയുകയായിരുന്നു. സർക്കാർ തലത്തിൽ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം നാലിന് കോടതിയിൽ അറിയിക്കാമെന്നാണ് മന്ത്രിമാർ പറഞ്ഞത്. പിന്നാലെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വം അംഗങ്ങൾ ഭൂമി സൗജന്യമായി വിട്ടു കിട്ടണമെന്ന ആവശ്യം ഉന്നയിച്ചു.
പൂരത്തെ തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ കെ. രാധാകൃഷ്ണൻ ചർച്ചയിൽ തീരുമാനമായില്ലെന്ന് വ്യക്തമാക്കി. തടസ്സങ്ങൾ ഇല്ലാത്ത തരത്തിൽ പൂരം ഗംഭീരമായി നടത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പ്രദർശനത്തിനായി ഭൂമി സൗജന്യമായി വിട്ടു നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി ടി.എൻ. പ്രതാപൻ എംപിയും അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാരിന്റെ അനുനയ ശ്രമം നടന്നത്.