ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അടുത്ത വർഷം ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. ഒപ്പം മലയാളികൾക്ക് ക്രിസ്മസ് ആശംസകളും അറിയിച്ചിട്ടുണ്ട്.
View this post on Instagram
അതേസമയം ചിത്രത്തിന്റെ ടീസറും ആദ്യ ഗാനവും ഇതിനോടകം ഹിറ്റാണ്. മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലായിരുന്നു 130 ദിവസം നീണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്സ്്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയും എഡിറ്റിംഗ് ദീപു ജോസഫുമാണ്. ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് റോണക്സ് സേവ്യറാണ്.















