വയനാട്: വാകേരിയിൽ തൊഴുത്തിൽ കയറി പശുകിടാവിനെ കൊന്നുതിന്ന കടുവയെ പിടികൂടാൻ കെണിയൊരുക്കി വനംവകുപ്പ്. രണ്ട് ദിവസങ്ങളായി പശുകിടാവിനെ പിടികൂടിയ സ്ഥലത്തു തന്നെ കടുവ വീണ്ടും വന്ന സാഹചര്യത്തിലാണ് കടുവയെ പിടികൂടാൻ കൂട് വച്ചത്. പശുകിടാവിനെ കൊന്നു തിന്ന സ്ഥലത്തും സമീപയിടങ്ങളിലുമായാണ് കടുവയ്‌ക്കായി വനംവകുപ്പ് കൂട് വച്ചിരിക്കുന്നത്.
വാകേരി സ്വദേശി സുരേന്ദ്രന്റെ വീട്ടിലുള്ള തൊഴിത്തിലേക്കാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. തൊട്ടുപിന്നാലെ തൊഴുത്തിലുള്ള പശുകിടാവിനെ കടുവ കൊന്നു തിന്നിരുന്നു. തൊട്ടടുത്ത ദിവസം വനംവകുപ്പ് സ്ഥലത്തെത്തി പശുകിടാവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിക്കുകയും പ്രദേശത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കടുവ സമീപ മേഖലകളിലെത്തിയാൽ കെണിയിൽ വീഴാനുള്ള സാധ്യത കൂടുതലാണെന്ന് വനവകുപ്പ് പറഞ്ഞു.