അഹമ്മദാബാദ്: 2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് സമീപത്തുള്ള സർദാർ പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സായിരിക്കും വിശ്വമാമാങ്കത്തിന് വേദിയാകുകയെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിനഗറിൽ സംഘടിപ്പിച്ച സൻസദ് ഖേൽ പ്രതിയോഗിതയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് നരേന്ദ്രമോദി സ്‌റ്റേഡിയം. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സർദാർ പട്ടേൽ ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് കോംപ്ലക്‌സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4,600 കോടി രൂപ സർദാർ പട്ടേൽ കോംപ്ലക്‌സിനും 600 കോടി നവ്‌രംഗ്പുര സ്‌പോർട്‌സ് കോംപ്ലക്‌സിനും സർക്കാർ അനുവദിച്ചിട്ടുണ്ട്. 2047ൽ ഇന്ത്യ സ്വാതന്ത്രത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ ഏറ്റവും കൂടുതൽ ഒളിമ്പിക്‌സ് മെഡലുകളും രാജ്യത്തിന്റെ പേരിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ രാജ്യത്തെ കായികമേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തെ എംപിമാരോട് ലോക്‌സഭ മണ്ഡലങ്ങളിൽ കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സ്‌പോർട്‌സ് നമുക്ക് സ്‌പോർട്‌സ്മാൻഷിപ്പ് നൽകും. വിജയം സ്വന്തമാക്കാനും തോൽവികളെ നേരിടാനും പഠിക്കേണ്ടതുണ്ട്. ഒളിമ്പിക്‌സ് പോലൊരു കായികോത്സവം ഒന്നര മാസത്തോളം നീണ്ടുനിൽക്കും. സ്പോർട്സിലോ രാഷ്‌ട്രീയത്തിലോ മോശം പ്രകടനം കാഴ്ചവയ്‌ക്കുന്നവർക്ക് സ്പോർട്സ്മാൻഷിപ്പ് കുറവാണെന്നാണ് പറയപ്പെടുന്നത്.-അദ്ദേഹം കൂട്ടിച്ചേർത്തു.