രണ്ട് ദശാബ്ദിയിൽ അധികമായി രാജ്യത്ത് വാഹനവിപണി അടക്കി വാഴുകയാണ് മാരുതി സുസുക്കിയുടെ ആൾട്ടോ. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയും കുറഞ്ഞ പ്രവർത്ത ചിലവും മികച്ച ഇന്ധനക്ഷമതയും ആൾട്ടോയെ കൂടുതൽ ജനപ്രിയമാക്കി. ഇന്നും ആൾട്ടോയുടെ പരിഷ്‌കരിച്ച പല മോഡലുകളും വിപണിയിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ തന്റെ ആൾട്ടോയിൽ രൂപമാറ്റം വരുത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ്.
പരമ്പരാഗത ആൾട്ടോയെ യൂട്ടിലിറ്റേറിയൻ പിക്ക്-അപ്പ് ട്രാക്കാക്കിയാണ് യുവാവ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലാണ് കൗതുകകരമായ രീതിയിൽ മോഡിഫിക്കേഷനിൽ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ആൾട്ടോയുടെ റിയർ പ്രൊഫൈലിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒറിജിനൽ റിയർ സീറ്റ് ഏരിയയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ക്യാബിന് മുകളിലായി റൂഫ് നിർത്തിയിരിക്കുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിക്കപ്പ് ട്രക്കിന്റെ ഭാവത്തിലാണ് വാഹനം. പിൻഭാഗത്തെ കാഴ്ച കാണുന്നതിനായി മിററും സ്ഥാപിച്ചിട്ടുണ്ട്. ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ്, ബമ്പറുകൾ, ഫ്രണ്ട് ഗ്രില്ല് എന്നിവയൊന്നും മാറ്റം വരുത്താതെയാണ് വാഹനം പരിഷ്‌കരിച്ചിരിക്കുന്നത്.
എഞ്ചിനിലും കാര്യമായ മാറ്റങ്ങളൊന്നും തന്നെ കൊണ്ടുവന്നിട്ടില്ല. വാഹനം ഇത്തരത്തിൽ മാറ്റിയെടുക്കുന്നതിന് എത്ര രൂപയാണ് ചിലവെന്ന് പുറത്തുവന്നിട്ടില്ല. നിരവധി മോഡിഫിക്കേഷനുകൾ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പിന്തള്ളി മുന്നേറുകയാണ് ഇത്.















