ഇസ്ലാമാബാദ്: പാകിസ്താനിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. ഖൈബർ പഖ്തൂൻഖ്വയിലെ ബുനർ ജില്ലയിൽ നിന്നുള്ള ഡോ.സവീര പ്രകാശ് ആണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബുനറിലെ പികെ 25ന്റെ ജനറൽ സീറ്റിലേക്കാണ് സവീര മത്സരിക്കാനൊരുങ്ങുന്നത്. ജനറൽ സീറ്റുകളിൽ അഞ്ച് ശതമാനം വനിതാ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തണമെന്ന് പാകിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
2024 ഫെബ്രുവരി 8നാണ് പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പ്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായാണ് സവീര മത്സരത്തിനിറങ്ങുന്നത്. പിതാവ് ഓം പ്രകാശിന്റെ പാത പിന്തുടർന്നാണ് സവീര മത്സരരംഗത്തിറങ്ങുന്നത്. നിലവിൽ ബുനറിലെ പിപിപി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണ് കൂടിയാണ് ഇവർ. അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് 2022ൽ ബിരുദം സ്വന്തമാക്കിയ സവീര, പഠനം പൂർത്തിയാക്കിയ ശേഷം രാഷ്‌ട്രീയരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും, അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും സവീര പറയുന്നു. ” സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലുകൾ ഇല്ലാതാക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ഇതിനായി പിതാവിന്റെ പാത പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്നും” സവീര പറയുന്നു.