തിരുവനന്തപുരം: പോലീസിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത് തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നും 25,000 രൂപയാണ് തട്ടിപ്പു സംഘം ചോർത്തിയത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറിലേക്ക് വ്യാജസന്ദേശം അയച്ചാണ് ഇവർ പണം തട്ടിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിറ്റി പോലീസ് കമ്മീഷണർ ഒാഫീസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും ബാങ്കിൽ നിന്നുമെത്തുന്നത് അക്കൗണ്ട്‌സ് ഓഫീസറിന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്കാണ്. ഈ നമ്പറിലേക്കാണ് കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നുമാണെന്ന വ്യാജേന ഒരു സന്ദേശം എത്തുന്നത്. കെവൈസി ഉടൻ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമന്നായിരുന്നു സന്ദേശം. കെവൈസി പുതുക്കുന്നതിനായി ഒരു ലിങ്കും ഇവർ നൽകിയിരുന്നു. ഇതിൽ അക്കൗണ്ട്‌സ് ഓഫീസർ ക്ലിക് ചെയ്യുകയും ചെയ്തു. തുടർന്ന് വന്ന സന്ദേശത്തിലേക്ക് ഒടിപിയും കൈമാറി. ഇതോടെ പോലീസിന്റെ ജഗതി ബ്രാഞ്ചിൽ നിന്നും തട്ടിപ്പ് സംഘം 25,000 രൂപയും കൈക്കലാക്കി. പണം പോയ വിവരം അറിഞ്ഞതോടെ പോലീസ് ഉടൻ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചോർന്നു പോയ പണം തടഞ്ഞു വയ്‌ക്കുകയും ചെയ്തു. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.















