ന്യൂഡൽഹി: ഹിന്ദി ഭാഷയെ അധിക്ഷേപിച്ച് ഡിഎംകെ എംപി ദയാനിധി മാരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നോട്ടീസ് അയച്ച് ബിഹാറിലെ കോൺഗ്രസ് നേതാവ് ചന്ദ്രിക യാദവ്. 15 ദിവസത്തിനകം മാപ്പ് പറയാൻ ദയാനിധി മാരൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. ബിഹാറിലും ഉത്തർപ്രദേശിലുമുള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾ തമിഴ്‌നാട്ടിൽ വന്ന് കക്കൂസുകൾ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നായിരുന്നു ദയാനിധി മാരന്റെ പ്രസ്താവന.
ദയാനിധി മാരന്റെ പരാമർശം ബിഹാർ സ്വദേശികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും എതിരായ ആക്രമണമായി തനിക്ക് തോന്നിയെന്ന് ചന്ദ്രിക യാദവ് പറയുന്നു. വ്യക്തിപരമായ നിലയിലാണ് ഈ നോട്ടീസ് നൽകുന്നതെന്നും ഇവർ പറയുന്നു. ഡിഎംകെ നേതാവിന്റെ പരാമർശത്തിനെതിരെ ഇൻഡി മുന്നണിക്കുള്ളിൽ തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. ദയാനിധി മാരന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിമർശനം ഉയർത്തിയത്.
ദയാനിധി മാരൻ കണ്ണുതുറന്ന് ചുറ്റും നോക്കിയാൽ തമിഴ്‌നാട്ടിൽ തന്നെ അഭിമാനകരമായ പദവികൾ വഹിക്കുന്ന ബിഹാറികളെ കാണാനാകുമെന്നും ചന്ദ്രിക യാദവ് പറഞ്ഞു. ” അടുത്ത കാലം വരെ ബിഹാർ സ്വദേശിയായ ആളായിരുന്നു തമിഴ്‌നാട്ടിൽ ഡിജിപിയായി ചുമതല വഹിച്ചിരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഉയർന്ന പദവികളിൽ ബിഹാറിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും” ചന്ദ്രിക യാദവ് പറയുന്നു.