കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. സലാറിലെ മൂന്നാമത്തെ ലിറിക്കൽ ഗാനം അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. തെന്നിന്ത്യൻ താരം പ്രഭാസും പൃഥ്വിരാജും ഒന്നിച്ച ചിത്രം കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
അതേസമയം രാജ്യമൊട്ടാകെ സ്വീകാര്യത ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സലാറിന്റെ ഹിന്ദി റീമേക്കിന് ബോക്‌സോഫീസിൽ വലിയ കളക്ഷൻ നേടുകയാണ്. ഹിന്ദി പതിപ്പ് മാത്രം 50 കോടി ക്ലബിൽ എത്തിയിട്ടുണ്ട്. സലാർ ആഗോളതലത്തിൽ 402 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്. രാജമൗലി ചിത്രം ബാഹുബലിക്ക് ശേഷം കളക്ഷനിൽ സമാനമായ നേട്ടം കൈവരിക്കാൻ സലാറിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചിത്രത്തിന് ആദ്യ ദിനത്തിൽ തന്നെ ആഗോളതലത്തിൽ 175 കോടി കളക്ഷൻ നേടിയിരുന്നു. ഇന്ത്യയിൽ മാത്രം ചിത്രം 95 കോടി രൂപയോളം നേടി. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രത്തിന് പ്രശംസയുമായി സൂപ്പർ താരങ്ങളടക്കം ഇതിനോടകം രംഗത്തെത്തിയിരുന്നു.