തിരുവനന്തപുരം: പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി. പൊന്മുടി പോലീസ് സ്റ്റേഷന്റെ മുന്നിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. പുലി റോഡിൽ നിന്ന് കാട്ടിലേക്ക് കയറുന്നത് പോലീസ് ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്.
സംഭവത്തിന് പിന്നാലെ പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പുലിയെ കണ്ട സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് പൊന്മുടി. ക്രിസ്മസ്, ന്യൂഇയർ അവധി ദിവസങ്ങളായതിനാൽ നിരവധി വിനോദസഞ്ചാരികൾ പൊന്മുടിയിലെത്തുന്നുണ്ട്. പുലിയെ കണ്ടെന്ന് പറയുന്ന ഭാഗത്ത് വനംവകുപ്പ് തിരച്ചിൽ നടത്തിവരികയാണ്.