ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഇന്ത്യയെ വീക്ഷിക്കുകയാണെന്നും ഭാരതത്തിന്റെ പൈതൃകത്തിൽ ജനങ്ങൾ അഭിമാനിക്കുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ സ്വപ്നങ്ങളിലും കഴിവുകളിലും രാജ്യത്തിന് പ്രതീക്ഷകളേറെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ വീർ ബാൽ ദിവസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎഇ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ ഈ വർഷം വീർ ബാൽ ദിവസുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകത്തിൽ നാം അഭിമാനം കൊള്ളുമ്പോൾ ലോക രാജ്യങ്ങൾ നമ്മെ അസൂയയോടെ നോക്കി കാണുകയാണ്. ജനങ്ങളുടെ ആത്മവിശ്വാസത്തിലും കഴിവിലും ഇന്നത്തെ ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്. ഒരു നിമിഷം പോലും പാഴാക്കാനില്ലെന്ന വസ്തുത നമുക്ക് പഠിപ്പിച്ച് തന്നത് സിഖ് ഗുരുക്കന്മാരാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനവും മഹത്വവും വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ പുരോഗതിയ്ക്കായി നാം പ്രവർത്തിക്കേണ്ടതുണ്ട്. – പ്രധാനമന്ത്രി പറഞ്ഞു.
മാതാ ഗുജ്രിയുടെയും ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ നാലുപേരുടെയും രക്തസാക്ഷിത്വം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വീർ ബാൽ ദിവസിനോടനുബന്ധിച്ചുള്ള യുവജന മാർച്ചും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. വീർ ബാൽ ദിവസിന്റെ പ്രധാന്യത്തെ കുറിച്ച് അറിയിക്കാനായി കേന്ദ്രസർക്കാർ രാജ്യത്തുടനീളമുള്ള സ്കൂളുകളിലും ശിശുസംരക്ഷണ കേന്ദ്രങ്ങളിലും ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിക്കും . MYBharat, MyGov പോർട്ടലുകൾ വഴി ക്വിസ് മത്സരം ഉൾപ്പെടെ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.















