മുംബൈ: ഇന്ത്യൻ നാവികസേനയുടെ കരുത്തായി പുതിയ പടകപ്പൽ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎൻഎസ് ഇംഫാൽ എന്ന യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു. മുംബൈയിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇന്ത്യൻ നാവികസേനയിലേയ്‌ക്ക് പുതിയ ഒരു യുദ്ധക്കപ്പൽ കൂടി കൂട്ടിച്ചേർത്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ നാവികസേന വികസിപ്പിച്ച് രൂപകൽപ്പന ചെയ്ത നാല് വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകളിൽ മൂന്നാമത്തേതാണ് ഐഎൻഎസ് ഇംഫാൽ. വിശാഖപട്ടണം-ക്ലാസ് ഡിസ്ട്രോയറുകളെ P-15 ബ്രാവോ അല്ലെങ്കിൽ P-15B എന്ന് തരംതിരിക്കുന്നു. അവ P-15A കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളുടെ നവീകരിച്ച പതിപ്പാണ്. വടക്കുകിഴക്ക് നിന്നുള്ള ഒരു നഗരത്തിന്റെ പേരിലുള്ള ആദ്യത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് ഇംഫാൽ. 2019-ൽ അന്നത്തെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദാണ് ഈ കപ്പലിന് അംഗീകാരം നൽകിയത്.
ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ എന്ന സവിശേഷമായ പ്രത്യേകത ഐഎൻഎസ് ഇംഫാലിനുണ്ട്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവയ്‌ക്ക് കഴിയും. കൂടാതെ അത്യാധുനിക ആയുധങ്ങളും സെൻസറുകളും കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ക്രൂയിസ് മിസൈലിനെ വിക്ഷേപിക്കാൻ ഇതിന് കഴിയും.















