എറണാകുളം: കോതമംഗലത്ത് കേരളാ ബാങ്കിന്റെ എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ വടാട്ടുപാറ സ്വദേശി സുഭാഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയോടെയാണ് വടാട്ടുപാറയിലുള്ള എടിഎം കുത്തിപ്പൊളിച്ച് പ്രതി കവർച്ച നടത്താൻ ശ്രമിച്ചത്.
ഇടമലയാർ സഹകരണ ബാങ്കിന്റെ മാർത്തോമ്മാ സിറ്റിയിലെ ഹെഡ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടിഎമ്മിൽ നിന്നുമാണ് കവർച്ച നടത്താൻ ശ്രമിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പ്രതി കയ്യിൽ കരുതിയിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമിച്ചത്.
തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ശബ്ദം കേട്ട് എത്തിയപ്പോഴേക്കും ഇയാൾ അവിടെ നിന്നും കടന്നു കളഞ്ഞു. പിന്നാലെ പോലീസിൽ വിവരം അറിയിച്ചതോടെ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.