തിരുവനന്തപുരം: ദേശീയ ഫുട്ബോൾ ഭൂപടത്തിൽ കായിക കേരളത്തെ അടയാളപ്പെടുത്തിയ ആദ്യ സന്തോഷ് ട്രോഫി കിരീട വിജയത്തിന് ഇന്ന് സുവർണ ജൂബിലയുടെ നിറവ്. മധുരമുള്ള സ്മരണകളുടെ നടുവിലും നോവായത് ടീമിന്റെ ഉപനായകനായ ടി.എ ജാഫറിന്റെ ദിവസങ്ങൾക്ക് മുൻപുള്ള വിയോഗമായിരുന്നു. മുഖ്യ പരിശീലകനെന്ന നിലയിൽ ജാഫർ കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ചതിന്റെ 30-ാം വാർഷികം കൂടിയാണ് ഇന്ന്.
ടി.കെ.എസ് മണി നയിച്ച കേരളം ഇന്ത്യൻ റെയിൽവേയിസിനെ 3-2നാണ് കീഴടക്കിയത്. പിന്നിട്ട് നിന്ന ശേഷമായിരുന്നു അരലക്ഷത്തോളം കാണികളെ സാക്ഷയാക്കി മണിയും കൂട്ടരും കന്നി കിരീടം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിച്ചത്. ഡൽഹിയോട് സമനില പാലിച്ചാണ് കേരളം സന്തോഷ് ട്രോഫിക്ക് തുടക്കമിട്ടത്. തുടർന്ന് മണിപ്പൂരിനെയും ആന്ധ്രാപ്രദേശിനെയും കീഴടക്കി. ക്വാർട്ടറിൽ കർണാടകത്തെ വീഴ്‌ത്തി സെമിയിലെത്തി. അവിടെ കരുത്തരായ മഹാരാഷ്‌ട്ര ഉയർത്തിയ വെല്ലുവിളി മറികടന്നായിരുന്നു കലാശപോരിനുള്ള ടിക്കറ്റെടുത്തത്.
നായകൻ മണിയുടെ ഹാട്രിക്കും ഗോൾകീപ്പർ ജീ രവീന്ദ്രൻ നായരുടെ പ്രകടനവും കേരളത്തിന് ആദ്യ സന്തോഷ കിരീടം സമ്മാനിച്ചു. കൊച്ചിയിലെ മഹാരാജാസ് സ്റ്റേഡിയത്തിൽ ആഹ്ളാദ തിരയടിച്ചു. കൊച്ചിയിൽ അലയടിച്ച ഫുട്ബോൾ ആരവം കേരളത്തിലാകെ പടർന്നു. സന്തോഷ് ട്രോഫി സുവർണ ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോൾ ടീമിലെ പതിനൊന്നുപേർ കളംവിട്ട് ഓർമ്മകളുടെ ലോക്കർ റൂമുകളിലേക്ക് ചേക്കേറി.നായകൻ ടി.എസ് മണി,എം.ഒ. ജോസ്,ബി.ദേവാനന്ദ്,കെ.പി രത്നാകരൻ,ജോൺ.ജെ ജോൺ,കെ.വി ഉസ്മാൻ കോയ, പി.കലൈ പെരുമാൾ,കെ.ചേക്കു,എം.ആർ. ജോസഫ്,ടി.എ ടൈറ്റസ് കുര്യൻ എന്നിവരാണ് മൺമറഞ്ഞ പ്രതിഭകൾ.