തമിഴ്നാട്ടിൽ രാസവള നിർമ്മാണ കേന്ദ്രത്തിൽ അമോണിയ വാതക ചോർച്ച: 14 പേർ ആശുപത്രിയിൽ

Published by
Janam Web Desk

ചെന്നൈ: തമിഴ്‌നാട്ടിൽ രാസവള നിർമ്മാണ കേന്ദ്രത്തിൽ അമോണിയ വാതക പൈപ്പ് ചോർന്നു. എന്നൂരിൽ സ്വകാര്യ വളം നിർമ്മാണ യൂണിറ്റിലേക്ക് അമോണിയം എത്തിക്കുന്ന കോറമാണ്ടൽ ഇൻറർനാഷണൽ ലിമിറ്റഡ് സബ് സീ പൈപ്പിലാണ് അമോണിയം ചോർച്ച കണ്ടെത്തിയത്. കടലിനടിയിലെ പൈപ്പ് ലൈനിനുള്ളിലെ മർദ്ദം കുറഞ്ഞതാണ് പൊട്ടി ചോർച്ചയുണ്ടാവാൻ കാരണമെന്നാണ് കണ്ടെത്തൽ. പൈപ്പ് ലൈൻ പ്രീ-കൂളിംഗ് ഓപ്പറേഷൻ സമയത്താണ് ചോർച്ച സംഭവിച്ചത്. രൂക്ഷമായ ദുർഗന്ധവും പ്രദേശത്ത് അനുഭവപ്പെട്ടു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പെരിയകുപ്പം, എന്നൂർ പ്രദേശങ്ങളിലെ നാട്ടുകാർക്ക് ശ്വാസതടസ്സവും, ചർമ്മത്തിൽ പൊള്ളലും കണ്ടതോടെയാണ് വാതക ചോർച്ച ശ്രദ്ധയിൽ പെട്ടത്. ഇതിന് പുറമേ ചിന്നക്കുപ്പം, ഇരണവൂർ, നേട്ടുക്കൂപ്പം നിവാസികളും സമാന പരാതി അറിയിച്ചിരുന്നു. തുടർന്ന് പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി പ്രദേശവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയ 14 പേരെ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. രാത്രിയിൽ തന്നെ വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും ഭയക്കേണ്ട കാര്യമില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

അമോണിയം ചോർച്ച ഉണ്ടായതായി തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പും സ്ഥിരീകരിച്ചു. രാത്രി രണ്ട് മണിയോടെ അമോണിയം നീരാവി ഫ്‌ലെയർ വഴി തിരിച്ച് വിട്ട് 20 മിനിറ്റിൽ പ്രശ്‌നം പരിഹരിച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. അതേസമയം വ്യാവസായിക ദുരന്ത മേഖലയായി എന്നൂരിനെ പ്രഖ്യാപിക്കണമെന്നും ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

Share
Leave a Comment