തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോട് അനുബന്ധിച്ച് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും. 29ന് രാവിലെ തിരുവനന്തപുരം കുന്നുംപുറം ചിന്മയ സ്‌കൂളിൽ വച്ച് രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.
രാമായണത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ ആധാരമാക്കിയുള്ള പ്രസംഗമത്സരവും ചിത്രരചനാ മത്സരവുമാണ് നടക്കുക. താത്പര്യമുള്ള മുതിർന്ന വ്യക്തികൾക്കും മത്സരങ്ങളിൽ പങ്കാളിയാകാമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ ജനുവരി 6 മുതൽ 11 വരെയാണ് 2024ലെ അനന്തപുരി ഹിന്ദുമഹാ സമ്മേളനം നടക്കുക. ‘സനാതന ധർമ്മം എന്റെ അഭിമാനമാണ്, എന്റെ ആചാരവും അവകാശവുമാണ്’ എന്നതാണ് ഇത്തവണത്തെ ആദർശ സൂക്തം. ആദ്ധ്യാത്മിക, സാംസ്‌കാരിക, കാലാ സാഹിത്യ രംഗത്തെ പ്രമുഖരാണ് മാർഗനിർദ്ദേശങ്ങൾ നൽകുക. ഇതിന്റെ ഭാഗമായി 5 ദിവസത്തെ രഥയാത്രയും, അയ്യപ്പ ആഴിപൂജയും, വിശ്വ മംഗള മഹാഗണപതി ഹോമവും നടത്തും. കൂടാതെ ദിവസവും പ്രത്യേക സെമിനാറുകളും, കേരളീയ കലകളും, പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.















