”എന്റെ രക്തം തിളച്ചു വരുന്നുണ്ട്, വെറുതെ എന്റെ ബിപി കൂട്ടണ്ട” എന്നീങ്ങനെയൊക്കെ പലരും പറയുന്നത് നമ്മൾ പലപ്പോഴും കേട്ടിരിക്കും. ബിപി എന്നു ചുരക്കി വിളിക്കുന്ന രക്തസമ്മർദ്ദം പലരും അനുഭവിക്കുന്ന രോഗാവസ്ഥയിലൊന്നാണ്. ‘നിശബ്ദനായ കൊലയാളി’ എന്നാണ് രക്തസമ്മർദ്ദം അറിയപ്പെടുന്നത്. രണ്ട് തരത്തിലുള്ള രക്തസമ്മർദ്ദമാണുള്ളത്. ഉയർന്ന രക്തസമ്മർദ്ദവും താഴ്ന്ന രക്തസമ്മർദ്ദവും. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം. അപ്പോൾ രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിച്ച് നിർത്തും? അതിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കാം..
ചീര

പച്ച ചീര, ചുവന്ന ചീര. സാമ്പാർ ചീര തുടങ്ങി പല തരത്തിലുള്ള ചീരകളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയ പോഷക ഘടകങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
ബീറ്റ്‌റൂട്ട്

ചീരകളെ പോലെ തന്നെ ധാരാളം പോഷക ഗുണങ്ങളാണ് ബീറ്റ്‌റൂട്ടിനുമുള്ളത്. ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
കാരറ്റ്

തോരനായോ, ജ്യൂസായോ കാരറ്റ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷക ഘടകങ്ങൾ അമിത ഭാരം നിയന്ത്രിക്കുന്നതിനൊപ്പം ഉയർന്ന രക്തസമ്മർദ്ദം കുറയ്‌ക്കുന്നു.
തക്കാളി

മിക്ക കറികളിലും നാം ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. വെറുതെ കഴിക്കാൻ പോലും ഇത് പലർക്കും ഇഷ്ടമാണ്. പൊട്ടാസ്യത്തിന്റെ കലവറയാണ് തക്കാളി. ഇതു ജ്യൂസായോ കറികളിൽ ഉൾപ്പെടുത്തി കഴിക്കുന്നതോ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
വെളുത്തുള്ളി

തക്കാളിയെ പോലെ തന്നെ വെളുത്തുള്ളിയിടാത്ത കറികൾ കുറവായിരിക്കും. ധാരാളം വെളുത്തുള്ളി അടങ്ങിയ ഭക്ഷണങ്ങൾ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടമാണ്. ഇതിലുള്ള അസിലിൻ എന്ന പദാർത്ഥം രക്തസമ്മർദ്ദം കുറയ്‌ക്കാൻ ഉത്തമമാണ്.















