‘രാസാത്തി ഉന്നൈ കാണാതെ നെഞ്ച്, കാറ്റാടി പോലാട്ത്..’! കാലങ്ങൾ എത്ര പിന്നിട്ടാലും ഈ രണ്ടു വരികൾ കേൾക്കുമ്പോൾ തന്നെ ഏതൊരാളുടെയും മനസിൽ തെളിയുന്നത് തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന്റെ ഒരേയൊരു മുഖം. 1952 ഓഗസ്റ്റ് 25-ന് മധുരയിലെ ചെറിയൊരു വീട്ടിൽ ജനിച്ച വിജയരാജ് അളഗർസാമി എന്ന കുഞ്ഞിൽ നിന്നും തമിഴകത്തെ ക്യാപ്റ്റൻ വിജയകാന്തിലേക്കുള്ള വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയകാന്ത് പിന്നീട് കയ്യിലിട്ട് അമ്മാനമാടിയത് ഒട്ടനവധി നായക പ്രാധാന്യമുള്ള വേഷങ്ങൾ. 1981-ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് എന്ന നായകനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്. പിന്നീട് സിവപ്പു മല്ലി, ജാതിക്കൊരു നീതിതുടങ്ങിയ സിനിമകളിലൂടെ തമിഴകം അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.
1991-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകരൻ എന്ന ചിത്രത്തിനു ശേഷമാണ് ക്യാപ്റ്റൻ എന്ന വിളിപേര് അദ്ദേഹത്തെ തേടിയെത്തിയത്. കുടുംബത്തിനായി ത്യാഗം സഹിക്കുന്ന വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ‘പുരട്ചി കലൈഞ്ജർ’ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. പോലീസ് വേഷങ്ങൾ അനായാസം ചെയ്യാൻ കഴിയുന്ന അദ്ദേഹത്തിന്റെ അഭിനയ ചാരുത തമിഴകത്തെ പോലെ തന്നെ മറ്റു ഭാഷക്കാരെയും കിടിലം കൊള്ളിച്ചിരുന്നു. മലയാളം ഉൾപ്പെടെ ഒട്ടനവധി അന്യ ഭാഷാ സിനിമകളിൽ അഭിനയിക്കാൻ വിജയകാന്തിന് അവസരം ലഭിച്ചെങ്കിലും അതൊക്കെയും അദ്ദേഹം നിരസിച്ച് തമിഴ് മക്കൾക്കായി നിലകൊണ്ടു.
2005 സെപ്റ്റംബർ 14-ന് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം( ഡിഎംഡികെ) എന്ന രാഷ്‌ട്രീയ പാർട്ടി സ്ഥാപിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് തമിഴ് മക്കൾക്കായി ജീവിക്കണമെന്ന ചിന്തകൾ മാത്രം. വിജയകാന്തിന്റെ മുന്നിൽ വിശന്നു വരുന്നവരെ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ട് തവണ എംഎൽഎയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് അസുഖ ബാധിതനായതിനെ തുടർന്ന് രാഷ്‌ട്രീയ ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും പതിയെ ഉൾവലിഞ്ഞു. സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം ഏറെ കാലം പ്രവർത്തിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഏവരെയും കണ്ണീരിലാഴ്‌ത്തി വിട പറഞ്ഞത്.















