വയനാട്: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. കുഴിനിലം സ്വദേശി അഭിജിത്ത് (14) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം സ്വദേശികളായ ബാബു (38) ജോബി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പോലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റിൽ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചതോടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെയും ജോബിയുടെയും പങ്ക് കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ അണക്കെട്ടിന്റെ സമീപത്ത് നിന്ന് ഇലക്ട്രിക്ക് വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ പോലീസ് കണ്ടെടുത്തു. തുടർന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.















