ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.’അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. സമർത്ഥനായ ഒരു നിയമ വിദഗ്ധനായിരുന്ന അദ്ദേഹം, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമമേഖലയിൽ തന്റെ വിപുലമായ കഴിവുകൾ സമർപ്പിച്ച് പോരാടി. ഇന്ത്യയുടെ സാമൂഹികവും രാഷ്‌ട്രീയവുമായ ജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകളിലൂടെ, അരുൺ ജെയ്റ്റ്ലി ഓർമ്മയിൽ എന്നും നിലനിൽക്കും,’ എന്ന് അമിത് ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കർ, കിരൺ റിജ്ജു, അനുരാഗ് ഠാക്കൂർ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും ആദരവ് അർപ്പിച്ചു. ‘അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്നേഹപൂർവം സ്മരിക്കുന്നു. രാഷ്‌ട്രത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം നിരവധി ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്.’- എന്ന്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
‘അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ആദരവ് അർപ്പിക്കുന്നു. പ്രതിഭാധനനായ, വ്യക്തിത്വമുള്ള, അസാധാരണ വാഗ്മിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവും വിവേകവും നമ്മെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.’- എന്ന് കിരൺ റിജ്ജു പറഞ്ഞു. ‘അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ സ്നേഹപൂർവ്വം സ്മരിക്കുന്നു. വിദ്യാർത്ഥി നേതാവ്, അഭിഭാഷകൻ, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ, കേന്ദ്രമന്ത്രി എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ച നമ്മുടെ പാർട്ടിയിലെ മുതിർന്ന വ്യക്തിയും ഉപദേശകനുമാണ്. നമ്മുടെ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന എടുത്തു പറയേണ്ടതാണ്. സമാനതകളില്ലാത്ത വ്യക്തിത്വമായ അദ്ദേഹം നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും.’- എന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.
1952 ഡിസംബർ 28ന് ഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മഹാരാജ് കിഷൻ ജെയ്റ്റ്ലി അഭിഭാഷകനും അമ്മ രത്തൻ പ്രഭ ജെയ്റ്റ്ലി വീട്ടമ്മയുമായിരുന്നു. 1957 മുതൽ 1969 വരെ ഡൽഹിയിലെ സെന്റ് സേവ്യേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി സർവ്വകലാശാലയിൽ നിന്ന് എൽഎൽബിയിൽ ബിരുദം നേടി. തുടർന്ന് ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ പ്രവർത്തിച്ച അദ്ദേഹം വിവിധ ചുമതലകൾ വഹിച്ചിരുന്നു. 1970-കളിൽ ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം പിന്നീട് 1980-ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) രൂപീകരിച്ചതിന് ശേഷം അതിൽ അംഗമായി. ബിജെപിയിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം ‘ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമായി മാറിയിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായും നിയമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ജെയ്റ്റ്ലി ഇന്ത്യയുടെ ധനമന്ത്രിയായി ചുമതല ഏറ്റെടുത്തു. തന്റെ ഭരണകാലത്ത് സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിലും പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. കൂടാതെ സർക്കാരിന്റെ നയങ്ങളും സംരംഭങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലും പങ്ക് വഹിച്ചിട്ടുമുണ്ട്.
ദേശീയതയുടെ ഉറച്ച ശബ്ദമായിരുന്ന അരുൺ ജെയ്റ്റ്ലി അദ്ദേഹത്തിന്റെ മൂർച്ചയുള്ള ബുദ്ധിശക്തി, വാക്ചാതുര്യം, സൗഹാർദ്ദപരമായ പെരുമാറ്റം എന്നിവയാൽ പ്രശംസിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. പാർട്ടിക്കപ്പുറമുള്ള ആളുകളുമായി ഇടപഴകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തന്നെ ശാശ്വതമായ സ്വാധീനമാണ് ചെലുത്തിയത്. 2019 ഓഗസ്റ്റ് 24ന് ആരോഗ്യപ്രശ്‌നങ്ങളാൽ അദ്ദേഹം വിട പറഞ്ഞു. 2020-ൽ ഭാരതം മരണാനന്തരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.















