ന്യൂഡൽഹി: വായു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നയം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ടുള്ള കൃത്രിമം തടയാനാകുമെന്നാണ് വിലയിരുത്തൽ. പുതിയ ഉത്തരവ് പ്രകാരം പരിശോധനയുടെ വീഡിയോയും ഇനി സർട്ടിഫിക്കറ്റിനൊപ്പം ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിശോധനാ വേളയിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പുറമെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് ഈ ദൃശ്യങ്ങൾ സർക്കാരിന്റെ പരിവാഹൻ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാണെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മിക്ക പുക പരിശോധന കേന്ദ്രങ്ങളും വാഹനം പരിശോധിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. തട്ടിപ്പുകൾക്ക് തടയിടുക, പരിശോധനകൾ കൃത്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് നീക്കം. പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനം ആദ്യ വർഷം പുക പരിശോധന നടത്തേണ്ടതില്ല. എന്നാൽ ഇതിന് ശേഷം കൃത്യമായ ഇടവേളകളിൽ പുക പരിശോധന നടത്തണം. 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ സെക്ഷൻ 190 (2) പ്രകാരം ഇന്റേണൽ കമ്പഷൻ എഞ്ചിനിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും പിയുസി നിർബന്ധമാണ്. എല്ലാ പുക പരിശോധന സർട്ടിഫിക്കറ്റിലും അതിന്റെ വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കും. പുതുക്കേണ്ട തീയതി അവസാനിച്ച് ഏഴ് ദിവസത്തിനുള്ളിൽ പുതിയത് എടുത്തിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
എഞ്ചിനിലെ ജ്വലനത്തിന് ശേഷം വാഹനത്തിൽ നിന്നും പുറന്തള്ളുന്ന കാർബണിന്റെ അളവിനെയാണ് പൊലൂഷൻ ടെസ്റ്റിലൂടെ കണ്ടെത്തുന്നത്. എല്ലാ വാഹനങ്ങളിലും പുറന്തള്ളപ്പെടുന്ന പുകയിൽ കാർബൺ അടങ്ങിയിട്ടുണ്ട്. ഇതിന്റെ തോത് എത്രയെന്ന് പരിധി നിശ്ചയിച്ചിരിക്കുന്നത് സർക്കാരാണ്. വാഹനത്തിന്റെ എമിഷൻ പരിധിക്കുള്ളിലാണ് ഇതെന്നാണ് പുക പരിശോധന സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്.
വാഹനങ്ങൾ എമിഷൻ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമായും 6 വിഭാഗങ്ങളിലാണ് ഉള്ളത്…
1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS – I)
3. ഭാരത് സ്റ്റേജ് II (BS – II)
4. ഭാരത് സ്റ്റേജ് III (BS – III)
5. ഭാരത് സ്റ്റേജ് IV (BS – IV)
6. ഭാരത് സ്റ്റേജ് VI (BS – VI)















