ജയ്പൂർ: ഗുണ്ടയും കൊലപാതക കേസ് പ്രതിയുമായ രോഹിത് റാത്തോഡിന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുമായി രാജസ്ഥാൻ സർക്കാർ. രാഷ്‌ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി കൊലപാതക കേസിൽ പ്രതിയായ ഷൂട്ടർ രോഹിത് സിംഗ് റാത്തോഡിന്റെ വീടാണ് ജയ്പൂർ ഗ്രേറ്റർ മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കിയത്.
ജയ്പൂരിലെ ഖാതിപുരയിൽ സുന്ദർബൻ കോളനിയിൽ അനധികൃതമായി കൈയേറിയ ഭൂമിലായിരുന്നു രോഹിത് റാത്തോഡിന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. വൻ പോലീസ് സന്നാഹത്തോടെയാണ് കോർപ്പറേഷൻ ബുൾഡോസർ നടപടി പൂർത്തിയാക്കിയത്.
ഡിസംബർ 5 നാണ് രാഷ്‌ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി ജയ്പൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്. പട്ടാപകലായിരുന്നു കൊലപാതകം. ഡിസംബർ 9ന് ചണ്ഡീഗഢിൽ വെച്ച് പ്രതികളായ രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരെയും കൂട്ടാളികളിലൊരാളായ ഉദ്ധമിനെയും അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ രോഹിത് ഗോദാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളിലാണ് രാജസ്ഥാൻ പോലീസ്.