തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദേവസ്വങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. പൂരം പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായതോടെയാണ്
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി അടിയന്തര യോഗം വിളിച്ചുചേർത്തത്.
തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ മുന്നോട്ട് വച്ച തുക തന്നെ മതിയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടെ 39 ലക്ഷം എട്ട് ശതമാനം വർദ്ധനവോടെ 42 ലക്ഷം നൽകാൻ യോഗത്തിൽ തീരുമാനമായി. പ്രധാനമന്ത്രിയുടെ ശ്രദ്ധചെലുത്താൻ മിനി പൂരം സംഘടിപ്പിക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഭൂമി സൗജന്യമായി നൽകണമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു.
കോടതി വാടക നിശ്ചയിക്കാൻ പറഞ്ഞതിനാലാണ് തുക ഉയർത്തിയതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സുദർശൻ ചർച്ചയിൽ പറഞ്ഞിരുന്നു. പൂരത്തിന് ഇരു ദേവസ്വങ്ങൾക്കും വരുമാന വർദ്ധനവ് ഉണ്ടായെന്നും നീക്കിയിരിപ്പ് ഉണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.