ചെറിയൊരു കയ്യബദ്ധമായിരുന്നു പൈലറ്റിന് സംഭവിച്ചത്. ആ പിഴവ് മൂലം വിമാനം ലാൻഡ് ചെയ്തത് നദിയിലായിരുന്നു. റൺവേ മാറിപ്പോയെങ്കിലും 30 യാത്രക്കാരും നാല് വിമാനജീവനക്കാരും സുരക്ഷിതരായി ഇപ്പോഴും തുടരുന്നു. അതിശൈത്യം മൂലം നദി തണുത്തുറഞ്ഞതിനാലാണ് അബദ്ധം അപകടമായി മാറാതിരുന്നത്.
റഷ്യൻ എയർലൈനായ പോളാർ എയർലൈൻസിനാണ് ഈ അക്കിടി പറ്റിയത്. റഷ്യയിലെ കിഴക്കൻ മേഖലയിലുള്ള കോളിമ നദിയിൽ വിമാനം ‘സേഫായി’ ലാൻഡ് ചെയ്തു. മോശം കാലാവസ്ഥയ്‌ക്ക് ‘പേരുകേട്ട’ സ്ഥലമാണിവിടം. പൂജ്യത്തിന് താഴെ താപനിലയാണ് ഇവിടയെപ്പോഴുമുള്ളത്.
ഡിസംബർ 28ന് സഖാ റിപ്പബ്ലിക്കിന്‌റെ തലസ്ഥാന നഗരമായ യാകുത്സ്‌കിൽ നിന്ന് പുറപ്പെട്ടതായിരുന്നു പോളാർ എയർലൈൻസ്. 1,100 കിലോമീറ്റർ അകലെയുള്ള സിറിയങ്കയിലേക്കും അവിടെ നിന്ന് സ്രെഡ്നെകോളിംസ്‌കിലേക്കും പോകേണ്ട വിമാനമായിരുന്നു അത്. സിറിയങ്കയിലെത്തിയ വിമാനം അവിടെ ലാൻഡ് ചെയ്യാനായി ശ്രമിച്ചു. റൺവേയാണെന്ന് കരുതി സമീപമുള്ള നദിക്ക് നടുവിൽ ചെന്നിറങ്ങി. ഭാഗ്യം തുണച്ചതിനാൽ വലിയൊരു അപകടം തലനാരിഴയ്‌ക്ക് ഒഴിവാകുകയും ചെയ്തു. സംഭവത്തിൽ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.















