ലക്നൗ: അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ വിമാനത്താവളത്തിൽ നിന്നുമുള്ള ആദ്യ യാത്രാ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 17 മുതൽ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളായ ബെംഗളുരൂ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസുകൾ നടത്തുന്നത്. മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ ആദ്യ വിമാനം യാത്ര നടത്തും.
ജനുവരി 17-ന് രാവിലെ 08.05-ന് ബെംഗളൂരൂവിൽ നിന്നും പുറപ്പെടുന്ന ആദ്യ വിമാനം 10.35-ന് അയോദ്ധ്യയിലെത്തും. ഉച്ചക്ക് 03.40-ന് തിരിച്ച് അയോദ്ധ്യയിൽ നിന്നും ബെംഗളൂരുവിലേക്കും എയർ ഇന്ത്യ യാത്രാ സർവീസ് നടത്തും.
കൊൽക്കത്തയിലേക്കുള്ള ആദ്യ വിമാനം 17-ന് രാവിലെ 11.05-ന് അയോദ്ധ്യയിൽ നിന്നും പുറപ്പെട്ട് 12.50-ന് കൊൽക്കത്തിയിലെത്തും. തിരിച്ചുള്ള സർവീസ് ഉച്ചയ്‌ക്ക് 01.25-ന് കൊൽക്കത്തയിൽ നിന്നും ആരംഭിക്കും.
വാരാണസി, ലക്നൗ എന്നിവ കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന ഉത്തർപ്രദേശിലെ മൂന്നാമത്തെ വിമാനത്താവളമാണ് അയോദ്ധ്യ. അയോദ്ധ്യയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് ഗണ്യമായി വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
ആഭ്യന്തര- അന്താരാഷ്‌ട്ര സർവീസുകളാണ് ഉത്തർപ്രദേശിൽ നിന്നും എയർ ഇന്ത്യ നിലവിൽ നടത്തുന്നത്. ഇത് ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഉയർത്തുന്നതിന് സഹായിക്കും. ലക്നൗവിൽ നിന്നു മാത്രം 60-ലേറെ സർവീസുകളാണ് ഒരാഴ്ച മാത്രം എയർ ഇന്ത്യ നടത്തുന്നത്.
ജനുവരി ആറു മുതൽ ഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്ക് ദിവസേനയുള്ള യാത്രാ സർവീസ് കമ്പനി ആരംഭിക്കും. കൂടാതെ ജനുവരി 11 മുതൽ അഹമ്മദാബാദ്- അയോദ്ധ്യ യാത്രാ സർവീസും ആഴ്ചയിൽ മൂന്ന് ദിവസമായി ആരംഭിക്കും. ഇന്ത്യയിലെ തന്നെ മറ്റൊരു വിമാന സർവീസ് കമ്പനിയായ ഇൻഡിഗോ ജനുവരി 15 മുതൽ മുംബൈയിൽ നിന്നും അയോദ്ധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്താൻ ആരംഭിക്കുന്നതായി സൂചനയുണ്ട്.