അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കുമ്പോൾ റെയിൽവെയുടെ ചരിത്രത്തിൽ എഴുതപ്പെടുന്നത് പുത്തൻ അദ്ധ്യായം. ദർഭംഗ-അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ്, മാൾഡ ടൗൺ-സർ എം വിശ്വേശ്വരയ്യ ടെർമിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടമാണ് പ്രധാനമന്ത്രി നിർവഹിക്കുക.
എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകളുള്ള എൽഎച്ച്ബി പുഷ്-പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. മികച്ച വേഗത കൈവരിക്കാനായി ഡബിൾ എഞ്ചിനുകൾ ക്രമീകരിച്ചിട്ടുണ്ട്. ആകർഷകമായി രൂപകൽപ്പന ചെയ്ത സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, മൊബൈൽ ഹോൾഡറുകളുള്ള മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങൾ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
അമൃത് ഭാരത് എക്‌സ്പ്രസിന്റെ ചില പ്രധാന സവിശേഷതകൾ ഇതാ:
പുഷ്-പുൾ സാങ്കേതികവിദ്യ: പുഷ്-പുൾ സാങ്കേതികവിദ്യയാണ് അമൃത് ഭാരത് എക്‌സ്പ്രസിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇരുഭാഗത്തും സജ്ജീകരിച്ച 6000 എച്ച്പി ശേഷിയുള്ള എഞ്ചിൻ, വേഗത കൂട്ടാനും കുറയ്‌ക്കാനും സഹായിക്കുന്നു. അതുവഴി മൊത്തത്തിലുള്ള യാത്രാ സമയം കുറയ്‌ക്കുന്നു.
കോച്ചിന്റെ ഘടന– 22 കോച്ചുകളാണ് ട്രെയിനിലുള്ളത്.
അതിൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും, 12 രണ്ടാം ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകളും, രണ്ട് ഗാർഡ് കമ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു.
ട്രാവലർ ഫ്രണ്ട്‌ലി: ഓറഞ്ചും ചാരനിറവുമുള്ള കണ്ണഞ്ചിപ്പിക്കുന്ന രൂപകൽപ്പനയാണ് ട്രെയിനിന്റെ സവിശേഷത. ട്രെയിനിന്റെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. യാത്രക്കാർക്ക് മെച്ചപ്പെട്ട കുഷ്യൻ ലഗേജ് റാക്കുകൾ, ദീർഘയാത്രയ്‌ക്ക് അനുയോജ്യമായ സീറ്റുകൾ, ബർത്തുകൾ, ഹോൾഡറുകളുള്ള മൊബൈൽ ചാർജറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബയോടോയ്‌ലറ്റും അഗ്‌നിശമന സംവിധാനങ്ങളും: മോഡുലാർ ബയോടോയ്ലറ്റുകൾ, എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്‌നിശമന സംവിധാനങ്ങൾ എന്നിവയും ട്രെയിനിലുണ്ട്.