മുംബൈ: ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിൽ ‘ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സമിതിയുടെ സാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ പി പി സദാശിവൻ പ്രബന്ധം അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. രാജൻ സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീനാരായണഗുരുദർശനം മനുഷ്യന്റെ നിത്യജീവിതത്തിലും ചിന്തയിലും എങ്ങനെ പ്രായോഗികമാക്കാം എന്ന് ചർച്ച ചെയ്യുന്നത് പോലും മഹത്വമുള്ള പ്രവൃത്തിയാണെന്ന് കെ. രാജൻ പറഞ്ഞു. സാംസ്കാരിക വിഭാഗം കൺവീനർ കേയെസ്സ് വേണുഗോപാൽ നിയന്ത്രിച്ച ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. സോണൽ സെക്രട്ടറിമാരായ എൻ. എസ് രാജൻ, പി കെ. ആനന്ദൻ , വി വി മുരളീധരൻ, യൂണിറ്റ് സെക്രട്ടറിമാർ കെ. കെ ശശി, പ്രേമചന്ദ്രൻ, എൻ വിജയൻ എന്നിവരും പങ്കെടുത്തു. വനിതാവിഭാഗം സെക്രട്ടറി വിജയ രഘുനാഥ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ ഷൺ മുഖൻ സ്വാഗതവും മുരളീധരൻ കൃതജ്ഞതയും രേഖപ്പെടുത്തി.