അസുഖങ്ങൾ പെട്ടെന്ന് പിടിപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാലാവസ്ഥയാണ് ശൈത്യ കാലം. തണുപ്പ് വർദ്ധിക്കുന്നതിനാൽ കൈയ്യും കാലുമൊക്കെ തണുത്ത് മരവിക്കാറുണ്ട്. ഇത് ശ്വാസംമുട്ട് പോലെയുള്ള അസുഖങ്ങളിലേക്ക് നയിക്കുന്നു. തണുപ്പ് അധികമാകുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ സ്വഭാവിക താപനില നഷ്ടപ്പെടാറുണ്ട്. എന്നാൽ ശൈത്യ കാലത്ത് ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് ശരീരത്തിന്റെ സ്വാഭാവിക ചൂട് വീണ്ടെടുക്കാനും നിലനിർത്താനും സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…
ഇഞ്ചി
തണുപ്പ് കാലത്ത് ഇഞ്ചി ഉപയോഗിക്കുന്നത് ശരീരത്തിന് മികച്ചതാണ്. ആന്തരിക ചൂട് നിലനിർത്താനും രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇഞ്ചി ഉപയോഗിച്ചുള്ള ആഹാര പദാർത്ഥങ്ങൾ സഹായിക്കുന്നു. ചായ, സൂപ്പ്, വറുത്ത ആഹാരം, ചൂട് വെള്ളം എന്നിവയിൽ ഇഞ്ചി കലർത്തി കഴിക്കാവുന്നതാണ്.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ പോഷക ഘടകം അടങ്ങിയിട്ടുണ്ട്. ഇതിന് ശരീരത്തിൽ ചൂട് നിലനിർത്താൻ സാധിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനം സുഗമമായി നടക്കാനും, ദഹനത്തിനും സഹായകമാണ്. ദിവസേന കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതായിരിക്കും.
കറുവപ്പട്ട
രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിർത്താനും കറുവപ്പട്ടയുടെ ഉപയോഗം ഫലപ്രദമാണ്. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയയാണ് ഇതിന് സഹായിക്കുന്നത്. ചായ, കാപ്പി. ചൂട് വെള്ളം എന്നിവയിൽ കറുവപ്പട്ട ചേർത്ത് കഴിക്കാനാകും.
ധാന്യങ്ങൾ
അണ്ടിപ്പരിപ്പ്, ബദാം, വാൽനട്ട് എന്നിവയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ചൂട് നിലനിർത്താൻ സഹായിക്കുന്നു. ശൈത്യ കാലത്ത് ദിവസേന ഇവ കഴിക്കുന്നതിലൂടെ ശരീരത്തിൽ ചൂട് മാത്രമല്ല, മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യാനും സഹായിക്കുന്നു.
ഇലക്കറികൾ
ശൈത്യ കാലത്ത് ഏറ്റവും കൂടുതൽ കഴിക്കേണ്ട ഒന്നാണ് ഇലക്കറികൾ. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണിവ. ഇലക്കറികൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ സ്വഭാവിക താപനില വർദ്ധിപ്പിക്കുന്നതിനും ദഹനം സുഗമമായി നടക്കുന്നതിനും അത്യുത്തമമാണ്.















