തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിലെ ഘടകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം കൊടുക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.
രണ്ട് വർഷവും ഒരു ദിവസവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്താൽ പെൻഷൻ കൊടുക്കണമെന്നാണ് കേരളത്തിലെ നിയമം. ഇതോടെ രാജിവെച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ 37 രാഷ്‌ട്രീയ നിയമനങ്ങൾക്കും പെൻഷൻ കൊടുക്കണം. കൂടാതെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ രണ്ട് മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ലഭിക്കും. കർഷകർക്കും പാവങ്ങൾക്കും അർഹിച്ച ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ ഇടതുപക്ഷത്തെ എല്ലാ ഘടകക്ഷികളുടെയും പരിവാരങ്ങൾക്ക് പൊതുഖജനാവിലെ പണം തിന്നു കൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. കേരളത്തിലല്ലാതെ മറ്റ് ഒരു സംസ്ഥാനങ്ങളിലും ഇങ്ങനെ പെൻഷൻ കൊടുക്കുന്നില്ല.
കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുള്ളവർക്ക് പോലും പെൻഷൻ ഇല്ല. എന്നാൽ ഇവിടെ പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കാൻ വേണ്ടി രണ്ടര വർഷത്തേക്കാണ് സ്റ്റാഫ് നിയമനം പോലും നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെയും സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കുന്നതിനാൽ ഇരുകൂട്ടരും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവർക്ക് പെൻഷൻ നൽകാനായി 73 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ഒരു മാസം ചിലവഴിക്കുന്നത്.
ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്ത നാട്ടിൽ 1,340 പേരാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്. 70,000 രൂപ വരെ പെൻഷൻ വാങ്ങുന്നവർ കേരളത്തിലുണ്ട്. 25-ൽ കൂടുതൽ സ്റ്റാഫുകളുള്ള മന്ത്രിമാർ വരെ സംസ്ഥാന മന്ത്രിസഭയിലുണ്ട്. ജനങ്ങളെ എങ്ങനെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.















