മലൈക്കോട്ടൈ വാലിബന്റെ റാക്ക് പാട്ടിലൂടെ ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റാറാ റക റാറാ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു മില്യൺ പേരാണ് യൂട്യൂബിലൂടെ വീഡിയോ ഗാനം കണ്ടത്. മോഹൻലാൽ ആലപിച്ച ഗാനം കൂടിയായപ്പോൾ വാലിബന്റെ സവിശേഷത പതിന്മടങ്ങായി.
പിഎസ് റഫീഖ് രചിച്ച ഗാനം പ്രശാന്ത് പിള്ളയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആകാംക്ഷയൊരുക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. അതി ഗംഭീരമായാണ് മോഹൻലാൽ ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്.
ഡിസംബർ 15-നാണ് മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഗാനം പുറത്തുവന്നത്.‘പുന്നാര കാട്ടിലെ പൂവനത്തിൽ കൊണ്ടു പോകാം നിന്നെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം ആയിരക്കണക്കിന് പേരാണ് കണ്ടത്. മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ – ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഒരു കോടിയിലധികം പേരാണ് കണ്ടത്.















