അയോദ്ധ്യ: ജനങ്ങളുടെ വിശ്വാസം നിറവേറ്റുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ പാലിക്കാൻ തനിക്ക് സാധിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ 15,700 കോടിയിലധികം രൂപയുടെ 46 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
‘ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നു എന്നതാണ് മോദിസർക്കാരിന്റെ ഉറപ്പ്. ഇന്ന് രാജ്യം ആ ഉറപ്പിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് അയോദ്ധ്യ. വികസിത് ഭാരത് സങ്കൽപ്പ് യാത്രയിലൂടെ അയോദ്ധ്യയ്‌ക്ക് പുതിയ ഊർജ്ജം ലഭിക്കുകയാണ്.
ഏതൊരു രാജ്യവും വികസനം കൈവരിക്കാൻ പൈതൃകത്തെ കാത്തുസൂക്ഷിക്കണം. ഇന്ന് ഇന്ത്യ എല്ലാ തലത്തിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ നാല് കോടി ദരിദ്രരായ പൗരന്മാർക്ക് വീടുകൾ നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു.
കാശി വിശ്വനാഥക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോടൊപ്പം 30,000-ലധികം പേർക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കേദാർധാമിന്റെ പുനർനിർമ്മാണത്തിനൊപ്പെം 300-ലധികം മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ഒരു വശത്ത് നാം ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരം അളക്കുകയാണ്. മറ്റൊരുവശത്ത് ഭാരതത്തിൽ നിന്നും കടത്തിക്കൊണ്ടുപോയ പുരാതന വിഗ്രഹങ്ങൾ ഇവിടേക്ക് മടക്കികൊണ്ട് വരികയും ചെയ്യുന്നുണ്ട്.
ഭാവിയിൽ അയോദ്ധ്യ നഗരത്തിലേക്ക് നിരവധി സന്ദർശകരെത്തും. അതിനോടൊപ്പം തന്നെ ശുചിത്വത്തിനും നിങ്ങൾ പ്രാധാന്യം നൽകണം. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി അയോദ്ധ്യയെ മാറ്റി എടുക്കണം. ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും ശുചീകരണ കാമ്പയ്‌നുകൾ ആരംഭിക്കണം. ശ്രീരാമൻ മുഴുവൻ രാജ്യത്തിന്റേതുമാണ്. നമ്മുടെ ക്ഷേത്രങ്ങളിലോ തീർത്ഥാടന കേന്ദ്രങ്ങളിലോ മാലിന്യങ്ങൾ ഉണ്ടാകരുത്.’- പ്രധാനമന്ത്രി പറഞ്ഞു.















