കേരളത്തിൽ ആദ്യമായി യൂറേഷ്യൻ നീർനായയെ കണ്ടെത്തി. ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഗവേഷകർ നീർനായയെ കണ്ടെത്തുന്നത്. ലുട്ര ലുട്ര എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ കേരളത്തിലെ സസ്തനി വർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നാണംകുണുങ്ങിയും നിശാപ്രിയരുമായ ഇവ ഉൾക്കാടുകളിലെ ചെറിയ അരുവികൾക്കു സമീപം കാണപ്പെടുകയും രാത്രിയിൽ ഇരയെ വേട്ടയാടുകയും ചെയ്യുന്നു.
കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിഫോറസ്ട്രി കോളേജ് വൈൽഡ് ലൈഫ് സയൻസ് വിഭാഗം പ്രൊഫസറും മേധാവിയുമായ പി ഒ നമീറിന്റെ നേതൃത്വത്തിൽ ശ്രീഹരി കെ മോഹൻ, ലതീഷ് ആർ നാഥ്, സുബിൻ കെ എസ്, ശ്രീകുമാർ കെ ഗോവിന്ദൻകുട്ടി എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് നീർനായയെ കണ്ടെത്തിയത്.
മിനുസമുള്ള ശരീരത്തോടു കൂടിയ നീർനായ, ചെറിയ നഖങ്ങളോട് കൂടിയ നീർനായ എന്നിവയാണ് ഇതിനു മുൻപ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളവ. വർഷങ്ങൾക്കു മുൻപ് പശ്ചിമഘട്ട നിരകളിൽ യൂറേഷ്യൻ നീർനായയുടെ സാന്നിദ്ധ്യത്തെ കുറിച്ച് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി റിപ്പോർട്ട് ചെയ്തിരുന്നു. കൂർഗ്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇതിന് മുൻപ് തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നിന്നും വാഹനമിടിച്ച് ചത്ത നിലയിലുള്ള ഒരു യൂറേഷ്യൻ നീർനായയുടെ ജഡം കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് അത് യൂറേഷ്യൻ വർഗത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയത്.















