ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ. മാർച്ച് 19നാണ് ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. ഒട്ടാവ, ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് നേരെയും സാൻഫ്രാൻസിസ്‌കോ, യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നിവിടങ്ങൾ ഉൾപ്പെടെ വിദേശത്തെ ഇന്ത്യൻ മിഷനുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. 50ലധികം സ്ഥലങ്ങളിലാണ് ഇതിന്റെ ഭാഗമായി തിരച്ചിൽ നടത്തിയത്.
പൊതുമുതൽ നശിപ്പിക്കുക, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിടുക, ക്രിമിനൽ അതിക്രമം തുടങ്ങിയവ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ മിഷനുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ വലിയ തോതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇതിനായി വലിയ തോതിൽ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
ആക്രമണത്തിന്റെ ഭാഗമായി എന്ന് കരുതുന്ന 80ലധികം ആളുകളെയാണ് നിരീക്ഷണവലയത്തിലാക്കിയത്. കഴിഞ്ഞ മാസമാണ് കേസിലുൾപ്പെട്ട 43 പ്രതികളെ തിരിച്ചറിഞ്ഞത്. അതേസമയം ഈ വർഷം മാത്രം വിവിധ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് 625 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഐഎസ്‌ഐഎസ്, ജിഹാദി ആക്രമണം, മനുഷ്യക്കടത്ത്, സംഘടിതമായ രാജ്യവിരുദ്ധ പ്രവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവരിൽ ഭൂരിഭാഗവും അറസ്റ്റിലായിരിക്കുന്നത്.















