തിരുവനന്തപുരം: കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന സോഫ്റ്റ്വെയറായ കെ.സ്മാർട്ടിന്റെ ഉദ്ഘാടനത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി കേരള സർക്കാർ. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ നിന്നാണ് കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയത്. പൂർണമായും സംസ്ഥാനത്തിന്റെ പദ്ധതിയാണെന്ന് വരുത്തി തീർക്കാനായാണ് കേന്ദ്രമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
കൊച്ചിൻ സ്മാർട്ട് സിറ്റി മിഷന് കേന്ദ്രത്തിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും 23 കോടി രൂപ ഇൻഫർമേഷൻ കേരള മിഷന് നൽകിയാണ് കെ. സ്മാർട്ട് എന്ന ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പദ്ധതിയായതിനാൽ കേന്ദ്രസർക്കാർ പ്രതിനിധിയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവിക കീഴ്വഴക്കം മാത്രമാണെന്നിരിക്കെ, പദ്ധതി സ്വന്തം പേരിലാക്കാനായാണ് ക്ഷണിക്കാതിരുന്നതെന്നാണ് ഉയരുന്ന ആരോപണം.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടത്തുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റി. രാജ്യത്തെ 100 പ്രധാനപ്പെട്ട നഗരങ്ങളെ തിരഞ്ഞെടുത്ത് അവയെ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നും തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ കൊച്ചി നഗരത്തിന്റെ വികസനത്തിനായി കേന്ദ്രം നൽകിയ പണം ഉപയോഗിച്ചാണ് കെ. സ്മാർട്ട് സോഫ്റ്റ്വെയർ നിർമ്മിക്കുന്നത്.















