കമ്പയിൻഡ് ഡിഫെൻസ് സർവീസസ് എക്‌സാമിനേഷന് യുപിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അക്കാദമികളിലേക്കായി 457 ഒഴിവുകളാണ് വിളിച്ചിരിക്കുന്നത്. വിവിധ തസ്തികകളിൽ വനിതകൾക്കും അപേക്ഷിക്കാം.അപേക്ഷകർ അവിവാഹിതരായിരിക്കണമെന്ന് മാനദണ്ഡത്തിൽ പറയുന്നു. കൂടാതെ പുനർ വിവാഹിതരാവാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാവുന്നതാണ്.
ദെഹ്‌റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമലയിൽ ഇന്ത്യൻ നേവൽ അക്കാദമി, ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി എന്നിവിടങ്ങളിൽ 2025 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും. ചെന്നൈയിലെ ഓഫീസേഴ്‌സ് അക്കാദമിയിൽ 2025 ഏപ്രിലിലും കോഴ്‌സ് ആരംഭിക്കും. ഏഴിമലയിലെ നാവിക അക്കാദമിയിൽ 32 ഒഴിവുകളാണ് ഉള്ളത്. മിലിട്ടറി അക്കാദമിയിലേക്കും ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലേക്കും അപേക്ഷിക്കുന്നതിന് ബിരുദമാണ് യോഗ്യത. എന്നാൽ നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം.
വനിതകൾ, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് ഇല്ല. മറ്റ് വിഭാഗങ്ങളിലുള്ളവർ 100 രൂപ ഓൺലൈൻ മുഖേന ഫീസ് അടയ്‌ക്കണം. എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാകും തിരഞ്ഞെടുപ്പ്. 2024 ഏപ്രിൽ 21-ന് പരീക്ഷ നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും പരീക്ഷാ കേന്ദ്രങ്ങൾ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി ഒമ്പതാണ്.