സുരേഷ് ഗോപിയുടെ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഗരുഡൻ. വിജയ ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എസ് ജി 257’ എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിന്റെ ടൈറ്റിൽ പോസറ്റർ പുറത്ത് വന്നു. ‘ വരാഹം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രത്തിന്റെ സഹ സംവിധായകനുമായിരുന്നു സനൽ വി ദേവൻ.
സുരേഷ് ഗോപി ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് വരാഹത്തിൽ എത്തുന്നത്. ഇക്കാര്യം സംവിധായകൻ സനൽ വി ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്‌നും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.















