ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലെത്തി, ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്ത് വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
നടനായും വില്ലനായും സഹനടനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് താരം. അടുത്തിടെയാണ് താൻ വിവാഹബന്ധം വേർപിരിഞ്ഞെന്ന കാര്യം ആരാധകരോട് പങ്കുവച്ചത്. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
വെളിപ്പെടുത്തലിന് പിന്നാലെ ചില പൊതു പരിപാടികളിൽ തന്റെ കാമുകി തനൂജയ്‌ക്കൊപ്പം ഷൈൻ ടോം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൊച്ചിയിൽ വളരെ ലളിതമായാണ് ചടങ്ങ് നടന്നത്.
ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
നേരത്തെ ഒരുമിച്ച് പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ആരാധകർ വിവാഹ വിശേഷങ്ങളെ കുറിച്ച് ചോദിച്ചിരുന്നെങ്കിലും ഇരുവരും മറുപടി ഒന്നും നൽകിയിരുന്നില്ല. പിന്നാലെയാണ് വിവാഹ നിശ്ചയ വാർത്തകൾ പുറത്തു വന്നിരിക്കുന്നത്.