വസ്തു തർക്കത്തിന്റെ പേരിൽ ഭർത്താവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ യുവതി സ്റ്റേഷനിൽ കീഴടങ്ങി. കൃത്യം നടത്താനുപയോഗിച്ച തോക്കുമായെത്തിയാണ് ഇവർ കീഴടങ്ങിയത്. ഉജ്ജയനിയിൽ സവിത(35) എന്ന അംഗനവാടി ജീവനക്കാരിയാണ് കൊലപാതകം നടത്തിയത്. പോയിന്റ് ബ്ലാക്കിലാണ് ഭർത്താവിന് വെടിയേറ്റത്.
ഭർത്താവ് രാധേശ്യാം(41) തത്ക്ഷണവും സഹോദരൻ ധീരജ്(47) ആശുപത്രിയിലുമാണ് മരിച്ചത്. ഇൻഗോരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കുന്ന സംഭവം. യുവതിക്ക് 18 വയസുള്ള മകളും 15 വയസുള്ള മകനുമുണ്ട്.യുവതി കുടുംബത്തിലെ മറ്റുള്ളവരെയും ലക്ഷ്യമിട്ടിരുന്നുവെങ്കിലും വെടിയുണ്ടകൾ തീർന്നതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.
ദൃക്സാക്ഷികളെ ഉദ്ദരിച്ച് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു-മൂന്ന് മാസമായി സ്ഥലത്തിന്റെ പേരിൽ തർക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. യുവതിക്ക് തോക്ക് ലഭിച്ചത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായി എ.എസ്.പി നിതേഷ് ഭാർഗ് അറിയിച്ചു.