ജയറാംബാടി എന്ന ബംഗാൾ ഗ്രാമത്തിൽ നിർലീനമായിരിക്കുന്ന നിഷ്കളങ്കതയെ പൂർണമായും ഹൃദയത്തിൽ ആവാഹിച്ചു കൊണ്ടാണ് ശാരദ എന്ന നദി തന്റെ വിലയസ്ഥാനമായ ദക്ഷിണേശ്വരത്തെ സാഗരത്തെ തേടി ഒഴുകി തുടങ്ങിയത്. ശ്രീരാമകൃഷ്ണ പരമഹംസ സാഗരത്തിൽ ചേർന്നതോടെ ശാരദ, തന്റെ ഹൃത്തിൽ ഭക്തിയുടെ നറുനെയ് പകർന്ന് സേവനത്തിന്റെ തിരി നീട്ടി വിശ്വമാതൃത്വത്തിന്റെ ദീപം കൊളുത്തി വച്ചു കൊണ്ട് ശ്രീ ശ്രീ മാ ശാരദയായി വിളങ്ങി.
പരമഹംസരെ തേടിയെത്തിയ നരേന്ദ്രന്മാർക്ക് ജഗദ്ധാത്രി ആയിരുന്നു കൊണ്ട് പരയുടെ പാലു പകർന്നു നൽകിയ, ഭാരതാംബയുടെ കർമ്മഭൂമിയോട് നിവേദിതയെ ചേർത്ത് പിടിച്ച പൊക്കിൾക്കൊടി ബന്ധമായി മാറിയ മാ ശാരദയോളം ഉത്കൃഷ്ടമായ ഒരു സ്ത്രീ രത്നം ഭാരതഭൂവിൽ മറ്റെവിടെയാണുണ്ടാവുക !?
‘എപ്രകാരമാണോ കാറ്റ് കാർമേഘങ്ങളെ നീക്കം ചെയ്യുന്നത് അപ്രകാരം ഈശ്വരനാമം ലൗകികതയുടെ മേഘങ്ങളെ മാറ്റി തരുന്നു.’
– മാ ശാരദ
ശാരദാമണിയുടെ ആറാം വയസ്സിൽ പൂർവാശ്രമത്തിൽ ഗദാധരൻ എന്ന് പേരായിരുന്ന ശ്രീരാമകൃഷ്ണനുമായി ശൈശവ വിവാഹം നടക്കുകയുണ്ടായി. എന്നാൽ പതിനെട്ട് വയസ്സ് വരെ അവൾ അച്ഛൻ, രാമചന്ദ്ര മുഖോപാധ്യായയ്‌ക്കും അമ്മ, ശ്യാമ സുന്ദരി ദേവിക്കുമൊപ്പം ഇളയ സഹോദരങ്ങളെ പരിപാലിച്ചു കൊണ്ട് കമാർപുകുറിന് അടുത്തുള്ള തന്റെ ഗ്രാമത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.
കന്നുകാലികൾക്ക് തീറ്റ നൽകാനും നെല്ല് മെതിക്കാനും നിലമുഴാനും എന്നു വേണ്ട സകല ജോലികളിലും വ്യാപൃതായി ശാരദാമണി വളർന്നു. ബംഗാളിലെ ക്ഷാമ കാലങ്ങളിൽ വീട്ടിലുള്ള ധാന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതിൽ ശാരദ ആനന്ദം കണ്ടെത്തി.
ഒഴിവ് സമയങ്ങളിൽ കളിമണ്ണ് കുഴച്ച് ശാരദാമണി നിർമിക്കുന്ന കാളിയുടെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങളിൽ നിന്നും പരക്കുന്ന ചൈതന്യം കണ്ട് ഗ്രാമവാസികൾ അമ്പരന്നു. ശാരദയുടെ പതിനാലാം വയസ്സിൽ പരമഹംസർ കമാർപുകുറിൽ എത്തുകയും ഹ്രസ്വമായ സമയം മാത്രമെടുത്ത്, അവൾക്ക് ഈശ്വര ചിന്തയിൽ അധിഷ്ഠിതമായി ഗാർഹസ്ഥ്യം അനുഷ്ഠിക്കുന്നത് സംബന്ധിച്ചു ഉപദേശങ്ങൾ നൽകുകയും ചെയ്തു.
ഈ കാലയളവിൽ രാമകൃഷ്ണനാർജിച്ച ആത്മീയ ആനന്ദം ദക്ഷിണേശ്വരത്തെ ഗ്രാമവാസികൾക്ക് മനസ്സിലാക്കാവുന്നതിന് അപ്പുറമായിരുന്നു. കിറുക്കനായ ഒരു പൂജാരിയായി മാത്രം അവർ അദ്ദേഹത്തെ കണ്ടു. വാർത്തകൾ ശാരദയുടെ ഗ്രാമത്തിലുമെത്തി. പതിയുടെ സാമീപ്യം തന്റെ ജീവിതത്തിന് ആവശ്യമാണെന്ന ചിന്ത ശാരദയിലുടലെടുത്തു. വഴിയിൽ നേരിട്ട ശാരീരിക അസ്വസ്ഥതകളെ മാ കാളിയുടെ അനുഗ്രഹത്തിൽ തരണം ചെയ്ത് അവൾ പരമഹംസ പാദങ്ങളിൽ എത്തി ചേർന്നു.
പുലർച്ചെ ഭാഗീരഥിയിൽ സ്നാനം, തുടർന്ന് ജപം, ധ്യാനം, സദാ മന്ത്ര മുഖരിതമായ ഹൃത്തടം. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യത്വം ആദ്യം സ്വീകരിച്ചത് മാ ശാരദാദേവി തന്നെയായിരുന്നു. പിന്നീട് തന്റെ ആത്മീയ ഗുരുവിനെ തേടിയെത്തിയ ശിഷ്യർക്ക് മാശാരദയുടെ വാത്സല്യ പൂർണമായ സാമീപ്യത്തിൽ ജ്ഞാന സമ്പാദനം നേടാനായി.
മാ ശാരദയിൽ ആദിപരാശക്തിയെ ധ്യാനിച്ച് രാമകൃഷ്ണനും തന്റെ ഗുരുവിൽ സർവവും സമർപ്പിച്ച് ശ്രീ മാ ശാരദയും കാളീഘട്ടത്തെ ഒരു തപോഭൂമിയാക്കി മാറ്റി.
ശ്രീരാമകൃഷ്ണ പരമഹംസരുടെ മഹാ സമാധിക്ക് ശേഷവും അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം അമ്മ അനുഭവിച്ചു പോന്നു. മംഗല്യസൂത്രമഴിച്ച് വിധവയായി ജീവിക്കാൻ അമ്മയെ ആ ആത്മീയ സാമീപ്യം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമാധിക്ക് ശേഷം അമ്മ കാശിയിലും അയോദ്ധ്യയിലും വൃന്ദാവനത്തിലുമെല്ലാം തീർത്ഥയാത്ര തുടർന്നു. വൃന്ദാവനത്തിൽ വച്ച് നിർവികൽപ സമാധിയെ പ്രാപിക്കാൻ കഴിഞ്ഞ അമ്മയ്‌ക്ക് ഇനി താൻ വഹിക്കേണ്ടത് അനേകം ശിഷ്യരുടെ ഗുരുസ്ഥാനം ആണെന്ന ബോധ്യവും ഉണ്ടായി. സനാതന ധർമ്മത്തെ പിന്തുടരുന്ന ലക്ഷോപലക്ഷം സാധകരെ, സന്യാസിമാരെ നയിക്കാൻ രാമകൃഷ്ണ മഠത്തിന് എന്നും മാർഗ്ഗ ദർശനം നൽകിയത് അമ്മയുടെ സാന്നിധ്യമായിരുന്നു.
1920 ജൂലൈ ഇരുപതോടെ അമ്മയുടെ ശാരീരിക വിഷമതകൾ കടുത്തു. അർദ്ധരാത്രിക്ക് ശേഷം അമ്മ സമാധിയെ പുൽകി. മാ ശാരദാ ദേവിയുടെ അവസാന സന്ദേശമിങ്ങനെ ആയിരുന്നു.
“എന്നാൽ ഒരു കാര്യം നിന്നോടായി പറഞ്ഞു കൊള്ളട്ടെ. ശാന്തമായ ഒരു മനസ്സാണ് നിനക്ക് ആവശ്യമെങ്കിൽ ഒരിക്കലും മറ്റുള്ളവരിൽ തെറ്റ് കണ്ടെത്താൻ ശ്രമിക്കാതെ ഇരിക്കുക. മറിച്ച് നീ നിന്നിലെ തെറ്റുകളെ കണ്ടെത്തുക. ഈ ലോകം മുഴുവൻ നിൻ്റേതാക്കുവാൻ ശ്രമിക്കുക. ആരും അപരിചിതരല്ല.
എന്റെ കുഞ്ഞേ, ഈ ലോകം മുഴുവൻ നിന്റേതാണ്.”
മാ ശാരദയുടെ 171- ആമത് ജന്മ വാർഷികം ആയിരുന്നു ഡിസംബർ 22 ന്. ഭാരതീയ കലണ്ടർ അനുസരിച്ച് 2024 ജനുവരി 3- നു ശാരദാ ജയന്തി അനുഷ്ഠിക്കുന്നു.















