വളരെ വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് ഉടൽ. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ ചിത്രം തീയേറ്റർ വിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ഒടിടിയിൽ എത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി അവകാശം സൈന പ്ലേ സ്വന്തമാക്കിയ വാർത്ത പുറത്തുവന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉടൽ ജനുവരി അഞ്ചിന് ഒടിടിയിൽ എത്തും. മലയാളി പ്രേക്ഷകർ ഏറെ കാലമായി ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്.
2022 മെയ് 20 നായിരുന്നു ഉടൽ തീയേറ്ററുകളിൽ എത്തിയത്. വലിയ പ്രമോഷൻ പരിപാടികളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇന്ദ്രൻസിന്റെയും ദുർഗ്ഗയുടെയും പ്രകടനങ്ങളായിരുന്നു ഉടലിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.