പൂനെ; മഹാരാഷ്‌ട്രയിലെ ജ്വല്ലറിയിൽ നടന്ന വമ്പൻ കവർച്ചയിൽ മൂന്ന് കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായതായി വിവരം. 31ന് പുലർച്ചെയാണ് മോഷണം നടന്നതെങ്കിലും പോലീസ് ഇന്നലെയാണ് വിവരം പുറത്തുവിട്ടത്.ഉടമയിൽ നിന്ന് പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്വേഷണം നീളുന്നത് നിലവിലെയും മുൻ ജീവനക്കാരിലേക്കുമാണ്. കടയ്‌ക്ക് അകത്ത് കടക്കാൻ ബല പ്രയോഗം നടന്ന ലക്ഷണങ്ങളൊന്നും ഇല്ലെന്നും, ഇതാണ് സംശയം ബലപ്പെടുത്തുന്നതെന്നും പോലീസ് പറഞ്ഞു.
രവിവാർ പേത്ത് പ്രദേശത്താണ് ജ്വല്ലറിയുള്ളത്. ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല.ആരോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കട തുറന്നതിന്റെ ലക്ഷണങ്ങാണ് കാണുന്നത്- മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടുപേരാണ് ആദ്യം കടയിലെത്തുന്നത്. പിന്നീട് ഒരാളും കൂടി വരുന്നു. ഇവർ ഷട്ടർ ഉയർത്തി വളരെ ലാഘവത്തോടെ മോഷണം നടത്തുകയായിരുന്നു.
മൂവരും മുഖം മറച്ചിരുന്നു. 3.03 കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. 5.3 കിലോയോളം തുക്കമുള്ളവയാണ് കവർന്നത്. ഇതിനൊപ്പം 10.93 ലക്ഷം രൂപയും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘം പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്.