സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് തൊടുത്തുവിട്ട ആരോപണങ്ങളിൽ സിപിഎം നേതാക്കൾ നിശബ്ദരായിട്ട് ഒരുവർഷം. മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സിപിഎം അനുമതി നൽകിയിട്ടും ഇതുവരെയും മുതിർന്ന നേതാക്കളാരും കോടതിയുടെ പടിപോലും കടന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഉന്നയിച്ച ആരോപണങ്ങളിൽ ഫോട്ടോ അടക്കമുള്ള തെളിവുകൾ പുറത്തുവിട്ടതോടെയാണ് മുൻമന്ത്രിമാരും സ്പീക്കറുമടക്കമുള്ളവർ വെട്ടിലായത്.
ഇതോടെ അണികൾക്ക് ഇറക്കിയ ക്യാപ്സൂളുകൾ വെള്ളം തൊടാതെ വിഴുങ്ങേണ്ടിവന്നു. കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്,പി.ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർത്തിയത്. ഇതിൽ ഏറ്റവും മോശമായ ആരോപണം ഉയർത്തിയത് മുൻമന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെയാണ്.
മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും അയാൾ ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണെന്നും സ്വപ്ന പറഞ്ഞു.ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്നും അവർ തുറന്നടിച്ചു. ഫോണിൽ കൂടി വളരെ മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞതായും അവർ വ്യക്തമാക്കി.
പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറിയെന്നും അവർ പ്രതികരിച്ചിരുന്നു. നേതാക്കൾ ആരോപണങ്ങൾ നിഷേധിച്ചതോടെ മാനനഷ്ട കേസ് കൊടുക്കാൻ വെല്ലുവിളിച്ച സ്വപ്ന തെളിവുകൾ പുറത്തുവിടാമെന്നും അറിയിച്ചു.
കടകംപള്ളി സുരേന്ദ്രന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നു. നിയമനടപടികൾക്ക് പാർട്ടി അനുമതി വേണമെന്ന ചരടിലാണ് നേതാക്കൾ ആദ്യഘട്ടത്തിൽ തൂങ്ങിയതെങ്കിൽ പിന്നീട് പാർട്ടി അനുമതി നൽകിയതോടെ കൂടുതലൊന്നും പറയാതെ ആരോപണവിധേയർ നിശബ്ദരാകുന്നതാണ് കണ്ടത്. തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകിയുണ്ടെന്നാണ് സ്വപ്നയുടെ വാദം.