തിരുവനന്തപുരം: സസ്‌പെൻഷനിലായാൽ പിന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവിതം വഴിമുട്ടിയെന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. കൈക്കൂലി വാങ്ങുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശിക്ഷ ഒരു വർഷത്തെ സസ്‌പെൻഷൻ മാത്രമാണ്. വകുപ്പ് തല അന്വേഷണം പൂർത്തിയായതിന് ശേഷം ഇവർക്ക് ജോലിയിൽ പുനർനിയമനവും ലഭിക്കും. സസ്‌പെൻഷൻ കാലയളവിൽ പകുതി ശമ്പളവും കേസ് തീരുന്ന മുറയ്‌ക്ക് മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇക്കൂട്ടരെ തേടിയെത്തുക. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ കേസിൽ അകപ്പെട്ട 134 പേരാണ് സസ്‌പെൻഷൻ പിൻവലിച്ചതോടെ ജോലിയിൽ തിരികെ പ്രവേശിച്ചത്.
വകുപ്പുകളിലെ ഉന്നത തസ്തികകൾ ഈ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന നിബന്ധനയോടെയാണ് സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി തിരിച്ചെടുക്കുന്നത്. പക്ഷേ സസ്‌പെൻഷന് ശേഷം ഇക്കൂട്ടർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന സ്ഥാനങ്ങളിലാണ് നിയമനം ലഭിക്കുന്നത്. വകുപ്പുതല അന്വേഷണം ഇക്കൂട്ടർക്കെതിരെ നടക്കുമെങ്കിലും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയുള്ള ഫയലുകൾ പലപ്പോഴും ഇരുട്ടിൽ മുങ്ങുകയാണ് പതിവ്. 55 കേസുകളിലായി കഴിഞ്ഞ വർഷം 60 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് പിടികൂടിയത്.