ന്യൂഡൽഹി: കേസുകൾക്കായി കോടതികളിൽ എത്തുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമർശം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതികൾക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് നിർദ്ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ കോടതികളിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താവൂ എന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രധാന നിർദ്ദേശങ്ങൾ
സത്യവാങ്മൂലങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസിൽ തീർപ്പ് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ, കോടതിയിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.
കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഉദ്യോഗസ്ഥരോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടരുത്. വസ്തുതകൾ മറച്ച് വയ്‌ക്കുകയും രേഖകൾ മനഃപൂർവ്വം കൈമാറാതിരിക്കുമ്പോഴും മാത്രമേ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ച് വരുത്താവൂ.
കോടതിയുടെ വീക്ഷണത്തിന് എതിരായ നിലപാട് ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നു എന്ന കാരണത്താൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.
ഓൺലൈനായി വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാനുള്ള അവസരം നൽകണം. ഇതിന്റെ ലിങ്ക് ഒരു ദിവസം മുമ്പ് ഉദ്യോഗസ്ഥർക്ക് നൽകണം.
കോടതിയിൽ വിളിച്ചുവരുത്തുന്നതിന്റെ കാരണം ഉദ്യോഗസ്ഥരോട് വ്യക്തമാക്കണം.
മുഴുവൻ നടപടി സമയത്തും കോടതികളിൽ നിൽക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്.
കോടതിയിൽ നിലപാട് വ്യക്തമാക്കുമ്പോഴോ, എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുമ്പോൾ മാത്രമേ എഴുന്നേറ്റ് നിൽക്കേണ്ടതുള്ളൂ.
കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ കോടതികൾ പരമാവധി ജാഗ്രതയും, നിയന്ത്രണവും പാലിക്കണം.