മെൽബൺ: ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി ഇന്ത്യൻ യുവാവ്. മെൽബണിൽ ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് മത്സരം നടക്കുന്നതിനിടെയാണ് യുവാവ് വിവാഹ അഭ്യർത്ഥന നടത്തിയത്. മത്സരത്തിനിടെ അവതാരകൻ ആരാധകരുടെ പ്രതികരണമെടുക്കാനായി സ്റ്റേഡിയത്തിന്റെ അകത്ത് വന്നപ്പോഴായിരുന്നു സംഭവം. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
യുവാവ് അപ്രതീക്ഷിതമായി മോതിരമെടുത്ത് കാമുകിയ്‌ക്ക് നേരെ നീട്ടുകയായിരുന്നു. ലീഗിലെ രണ്ട് വ്യത്യസ്ത ടീമുകളെ പിന്തുണയ്‌ക്കുന്നവരാണ് യുവാവും കാമുകിയും. ഇരുവരുടെയും പ്രണയ ബന്ധത്തിൽ ഇത് എന്തെങ്കിലും രീതിയിലുള്ള പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോയെന്ന് അവതാരകൻ യുവാവിനോടു ചോദിച്ചു.
”ഞാൻ സ്റ്റാർസ് ടീമിന്റെയും അവൾ റെനെഗേഡ്‌സ് ടീമിന്റെയും വലിയ ആരാധകരാണ്. പക്ഷേ ടീമിനേക്കാൾ ഉപരിയായി അവളൊരു ഗ്ലെൻ മാക്‌സ്വെൽ ആരാധികയാണ്. ഞാനും അതേ. അതുകൊണ്ടാണ് ഞങ്ങളൊരുമിച്ച് കളി കാണാനെത്തിയത്.”യുവാവ് അവതാരകനോടു പറഞ്ഞു.
വീഡിയോ കാണാം……..
യുവാവ് പെട്ടെന്ന് മുട്ടുകുത്തി മോതിരം പുറത്തെടുത്ത് വിൽ യൂ മാരി മീ എന്ന് ചോദിച്ചപ്പോൾ യുവതി ഒന്ന് ഞെട്ടി. എന്നാൽ യെസ് പറഞ്ഞതോടെ യുവാവ് യുവതിയുടെ കയ്യിൽ മോതിരം അണിയിച്ചു. ഇതുകണ്ട് ഗാലറിയിലുണ്ടായിരുന്ന മറ്റുള്ളവരും കയ്യടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഒരു ലക്ഷത്തിലേറെ പേരാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ വിഡിയോ കണ്ടത്.















