തിരുവന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മദ്യപരുടെ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. നിസാര കാര്യങ്ങളെ തുടർന്ന് ആരംഭിക്കുന്ന തർക്കങ്ങളാണ് വെടിവെയ്പ്പ്, ബോംബേറ് തുടങ്ങിയ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്.
എറണാകുളം രവിപുരം ഔട്ട്‌ലെറ്റിലേക്ക് കഴിഞ്ഞ വർഷം ജൂണിലാണ് പെട്രോൾ ബോംബേറ് നടന്നത്. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അന്ന് ബോംബേറിൽ കലാശിച്ചത്. ഇതേ സമയത്തുതന്നെയാണ് തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് മദ്യവിൽപ്പന ശാലയിലെ ജീവനക്കാരെ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. മദ്യവിൽപ്പനയ്‌ക്കുള്ള സമയം അവസാനിച്ചതിന് ശേഷം മദ്യം നൽകാത്തതായിരുന്നു കാരണം.
മുവാറ്റുപുഴ ഔട്ട്‌ലെറ്റിൽ രണ്ട് ജീവനക്കാരെ ആക്രമിച്ച് തീയിടാനും മദ്യപർ ശ്രമം നടത്തിയിരുന്നു. ഇതിനെല്ലാം കാരണം മദ്യമാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്നത്.
അൻപതിൽ അധികം കേസുകളാണ് ഒരു വർഷത്തിനിടെ ബാറുകളിലും മദ്യവിൽപ്പനശാലകളിലും നടന്ന അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യപരെ പേടിച്ച് ജീവന് പോലും സുരക്ഷയില്ലാതെയാണ് ഇവിടങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നത്. മദ്യപരുടെ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.















